നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മോഹൻ ബഗാനുമായുള്ള കരാർ ലംഘിച്ചു; അൻവർ അലിക്ക് ക്ലബ് ഫുട്ബോളിൽ നിന്ന് വിലക്ക്
ഇന്ത്യൻ ഫുട്ബോൾ താരം അൻവർ അലിക്ക് നാല് മാസത്തേക്ക് ക്ലബ്ബ് ഫുട്ബോളിൽ നിന്ന് വിലക്ക്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് നടപടി. മോഹൻ ബഗാനുമായുള്ള കരാർ ലംഘിച്ച് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതാണ് താരത്തിന് തിരിച്ചടിയായത്. വിലക്കിന് പുറമെ മോഹൻ ബഗാൻ നഷ്ടപരിഹാരമായി 12 കോടി 90 ലക്ഷം രൂപ നൽകണമെന്നും എഐഎഫ്എഫ് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ താരത്തിന് ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയുമെന്നും എഐഎഫ് വ്യക്തമാക്കി.
ഡൽഹി എഫ് സിയിൽ നിന്ന് ലോൺ അൻവർ അലി മോഹൻ ബഗാനിൽ എത്തിയത്. എന്നാൽ കരാർ ലംഘിച്ച് താരം ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി. ഇതോടെ മോഹൻ ബഗാൻ അൻവർ അലിക്കെതിരെ ഇഐഎഫ്എഫിന് പരാതി നൽകുകയായിരുന്നു. മോഹൻ ബഗാൻ നൽകേണ്ട നഷ്ടപരിഹാര തുക അൻവർ അലിയും ഡൽഹി എഫ് സിയും ഈസ്റ്റ് ബംഗാളും ചേർന്നാണ് നൽകേണ്ടത്. പിഴത്തുകയുടെ പകുതി അൻവർ അലി നൽകണം.
ഡൽഹി എഫ് സിക്കെതിരെയും ഈസ്റ്റ് ബംഗാളിനെതിരെയും എഐഎഫ്എഫിൻ്റെ നടപടിയുണ്ടായി. അടുത്ത രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ പുതിയ താരങ്ങളുമായി കരാർ ഉണ്ടാക്കാൻ ഇരുക്ലബുകൾക്കും കഴിയില്ല. മാത്രമല്ല മോഹൻ ബഗാനുള്ള നഷ്ടപരിഹാരം 45 ദിവസത്തിനുള്ളിൽ കൊടുത്ത് തീർത്തില്ലെങ്കിൽ മൂന്ന് സീസണിൽ പുതിയ താരങ്ങളെ ക്ലബിലെത്തിക്കാൻ ടീമുകൾക്ക് കഴിയില്ല. എഐഎഫ്എഫ് തീരുമാനത്തിനെതിരെ അൻവർ അലിയും ഡൽഹി, ഈസ്റ്റ് ബംഗാൾ ക്ലബുകൾ അപ്പീൽ നൽകിയിട്ടുണ്ട്.