നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മൂന്ന് ദിവസം കൊണ്ട് 304 കോടി; ബോക്സോഫീസിൽ കുതിച്ച് 'ദേവര'
ജൂനിയർ എൻടിആർ നായകനായെത്തിയിരിക്കുന്ന 'ദേവര' വിജയത്തിലേക്ക്. മൂന്ന് ദിവസം കൊണ്ട് ബോക്സോഫീസിൽ നിന്ന് 304 കോടി നേടിയതായി നിർമാതാക്കൾ പുറത്തുവിട്ടു. ജൂനിയർ എൻടിആറും കൊരട്ടാല ശിവയും ഒന്നിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യദിന വരുമാനം 172 കോടിയായിരുന്നു. മികച്ച പ്രേക്ഷക പിന്തുണയോടെ ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ ഹൗസ്‍ഫുൾ ഷോകളുമായി നാലാം ദിനവും ചിത്രം മുന്നേറുകയാണ്.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ എത്തിയിരിക്കുന്ന ചിത്രം ആന്ധ്രയിൽ നിന്നും തെലുങ്കാനയിൽ നിന്നുമായി 87.69 കോടി നേടിക്കൊണ്ട് മികവ് പുലർത്തി. മറ്റ് ഭാഷകളിലും ശ്രദ്ധേയമായ വരുമാനമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
'ജനത ഗ്യാരേജി'ന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരിക്കൽ കൂടി ഒരുമിച്ചിരിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ ചിത്രത്തിലുണ്ട്. രത്നവേലു ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും മനോഹരമാണെന്നാണ് പ്രേക്ഷകാഭിപ്രായം. പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൽ, എഡിറ്റർ: ശ്രീകർ പ്രസാദ്. പിആർഒ: ആതിര ദിൽജിത്ത്.