നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ദളപതി 69 ചിത്രീകരണത്തിനിടെ വിദേശ തിയറ്റര്‍ റൈറ്റ്‍സ് വിറ്റു, തുക ഞെട്ടിക്കുന്നത്
വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. ദളപതി 69 അവസാന സിനിമയാണ്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. ദളപതി 69ന്റെ വിദേശ റൈറ്റ്‍സിനെ കുറിച്ചുള്ള അപ്‍ഡേറ്റാണ് പുതുതയായി ചര്‍ച്ചയായി മാറിയിരിക്കുന്നത്.
ദളപതി 69 സിനിമയുടെ വിദേശ തിയറ്റര്‍ റൈറ്റ്‍സ് ഫാര്‍സിനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 78 കോടിക്കാണ് ഡീലെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ദളപതി 69ന് 275 കോടിയായിരിക്കും താരത്തിന് പ്രതിഫലം എന്നും അതിനാല്‍ വിജയ്‍യാണ് ഇന്ത്യയില്‍ ഒന്നാമനെന്നുമാണ് റിപ്പോര്‍ട്ട്. വിജയ്‍യുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായ ലിയോ ആഗോളതലത്തില്‍ നേടിയത് 620 കോടി രൂപയോളമാണ്.
വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായാണ് കാത്തിരിപ്പ്. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. എന്നാല്‍ വിജയ് രാഷ്‍ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്.
ദളപതി 69 സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട് എന്നാണ് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വലിയ ക്യാൻവസിലുള്ള ഒരു ഗാന രംഗമാണ് ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ശേഖര്‍ മാസ്റ്റര്‍ ആണ്. ദളപതി 69 സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുമ്പോള്‍ മലയാളി താരം മമിതയും നരേനും പൂജ ഹെഗ്‍ഡെയും പ്രകാശ് രാജും ഗൌതം വാസുദേവ് മേനോനും പ്രിയാമണിയും മോനിഷ ബ്ലസ്സിയും പ്രകാശ് രാജുമൊക്കെ കഥാപാത്രമാകുമ്പോള്‍ ഛായാഗ്രാഹണം സത്യൻ സൂര്യൻ ആണ്.