നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഭാര്യ ട്രാന്‍സ്‌ജെന്‍ഡര്‍; വൈദ്യ പരിശോധനയ്ക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് യുവാവ്
ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നുള്ള വിവരം ഭാര്യ മറച്ചുവെച്ചുവെന്നും ഇത് തനിക്ക് വലിയ മാനസികാഘാതമുണ്ടാക്കിയെന്നും യുവാവ്.
ഡല്‍ഹി: ഭാര്യ ട്രാന്‍സ്‌ജെന്‍ഡറാണെന്നും ഇക്കാര്യം ഉറപ്പിക്കാന്‍ വൈദ്യ പരിശോധന നടത്തണമെന്നുമാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് യുവാവ്. ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നുള്ള വിവരം ഭാര്യ മറച്ചുവെച്ചുവെന്നും ഇത് തനിക്ക് വലിയ മാനസികാഘാതമുണ്ടാക്കിയെന്നും യുവാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അഭിഭാഷകനായ അഭിഷേക് കുമാര്‍ ചൗധരി വഴിയാണ് യുവാവ് ഹര്‍ജി ഫയല്‍ ചെയ്തത്. ലിംഗഭേദം, ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓരോ ആളുകളുടേയും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് കക്ഷികളുടേയും അവകാശങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുവാവ് ഹര്‍ജിയില്‍ പറയുന്നു. ആരോഗ്യപരവും സമാധാനപരവുമായ ദാമ്പത്യ ജീവിതത്തിന് പരസ്പര ബഹുമാനം അനിവാര്യമാണെന്നും യുവാവ് ചൂണ്ടിക്കാട്ടുന്നു.
നേരത്തേ ഭാര്യയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് യുവാവ് കീഴ്‌ക്കോടതിയെ സമീപിച്ചിരുന്നു. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവാവിന്റെ ആവശ്യം കീഴ്‌ക്കോടതി തള്ളി. ഇതേ തുടര്‍ന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.