നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വിദ്യാർത്ഥി പ്രക്ഷോഭം ഭരണ അട്ടിമറിയിലേക്ക് വരെ കാര്യങ്ങളെത്തിച്ച ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങളുടെ ജീവിതം ഭയാശങ്കയിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്ക് താമസം മാറ്റാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യ – ബംഗ്ലാദേശ് അതിർത്തി ജില്ലകളിൽ കഴിയുന്നത്. നിരവധി ബംഗ്ലാദേശ് പൗരന്മാരെ ഉദ്ധരിച്ച് സ്കോൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഭയപ്പെടേണ്ടതില്ലെന്ന് രാജ്യത്ത് അധികാരത്തിലേറിയ യൂനുസ് സർക്കാരും സംരക്ഷണമൊരുക്കുമെന്ന് പ്രതിപക്ഷ പാർട്ടികളും ജമാഅത്തെ ഇസ്ലാമിയും ഉറപ്പുനൽകുമ്പോഴും ഇന്ത്യ അഭയം നൽകുമോയെന്ന ചോദ്യമാണ് ബംഗാളി ഹിന്ദുക്കൾ ചോദിക്കുന്നത്.ഓഗസ്റ്റ് അഞ്ചിനാണ് രാജ്യത്ത് ഹസീന സർക്കാരിനെ പ്രക്ഷോഭകാരികൾ അട്ടിമറിച്ചത്. പ്രധാനമന്ത്രി ഹസീനയും സഹോദരിയും രാജ്യം വിട്ടോടിതിന് പിന്നാലെ രാജ്യമാകെ പ്രക്ഷോഭം ആരംഭിച്ചു. പ്രതിപക്ഷ പാർട്ടി പ്രവർത്തകരും ജമാഅത്തെ ഇസ്ലാമിയുമാണ് ബംഗ്ലാദേശിലെ ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ അക്രമം അഴിച്ചുവിട്ടത്. കുരിഗ്രാം ജില്ലയിൽ താമസിക്കുന്ന സഹോദരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായതായി സർക്കാർ ഉദ്യോഗസ്ഥനായ ഹിന്ദു മത വിശ്വാസിയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ബംഗ്ലാദേശിൽ ജീവിക്കാൻ പേടിയുണ്ടെന്നും ഇന്ത്യയിലേക്ക് താമസം മാറണോയെന്നാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് പ്രവർത്തകരെയും ഹിന്ദുക്കളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ബംഗ്ലാദേശ് ദിനപ്പത്രമായ പ്രോതം അലോ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ അതിർത്തി തുറന്ന് ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കണമെന്ന ആവശ്യവും മതന്യൂനപക്ഷങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ഛതോഗ്രം ജില്ലയിലും സമാനമായ നിലയിൽ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗോവിന്ദ്പൂർ ജില്ലയിലാണ് തപോസ് കന്തി ദത്തയെന്ന ബംഗാളി ഹിന്ദു കുടുംബത്തിൻ്റെ കുടുംബ വീട് 500 ഓളം ആളുകൾ സംഘടിച്ചെത്തി ആക്രമിച്ചത്. ജമാഅത്തെ ഇസ്ലാമി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും വീടിലെ സകല സാധനങ്ങളും തച്ചുതകർത്തുവെന്നും അദ്ദേഹം പറയുന്നു. ആ വീട്ടിലേക്ക് തിരികെ പോകാനും തപോസ് കാന്തി ദത്തയും കുടുംബവും തയ്യാറല്ല.