നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ചാമ്പ്യൻസ് ട്രോഫി: ഇന്ത്യൻ നിലപാടിനെ ചോദ്യം ചെയ്ത പാക് മാധ്യമ പ്രവർത്തകന് അമേരിക്ക നല്‍കിയ മറുപടി
ന്യുയോര്‍ക്ക്: ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാനായി പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യൻ നിലപാടിനെ ചോദ്യം ചെയ്ത പാക് മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കിയ യുഎസ് വിദേശകാര്യ വക്താവും ഇന്ത്യൻ വംശജനുമായ വേദാന്ത് പട്ടേല്‍. യുഎസ് വിദേശകാര്യ വകുപ്പിന്‍റെ എല്ലാ ദിവസവും നടക്കുന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് പാക് മാധ്യമപ്രവര്‍ത്തകന്‍ ചാമ്പ്യൻസ് ട്രോഫി വിഷയം ഉന്നയിച്ചത്.
യുഎസ് വിദേശകാര്യ വകുപ്പ് വക്താവായ വേദാന്ത് പട്ടേല്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ പാകിസ്ഥാനില്‍ വലിയൊരു ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നടക്കാന്‍ പോകുകയാണെന്ന് പറഞ്ഞാണ് പാക് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം തുടങ്ങിയത്. ക്രിക്കറ്റോ അത് എന്‍റെ അഡന്‍ഡയിലുള്ള കാര്യമല്ലെന്നായിരുന്നു ഉടന്‍ വേദാന്ത് പട്ടേലിന്‍റെ മറുപടി. എങ്കിലും ചോദ്യം തുടരാന്‍ വേദാന്ത് പട്ടേല്‍ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.
ലോകകപ്പ് കഴിഞ്ഞാല്‍ നടക്കുന്ന ഏറ്റവും വലിയ ടൂര്‍ണമെന്‍റാണിതെന്നും എന്നാല്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യൻ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. രാഷ്ട്രീയ കാരണങ്ങളാലാണ് ടീമിനെ അയക്കാത്തതെന്നും രാഷ്ട്രീയവും സ്പോര്‍ട്സും കൂട്ടിക്കലര്‍ത്തുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്നും പാക് മാധ്യമപ്രവര്‍ത്തകൻ ചോദിച്ചു.
എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നത്തില്‍ അമേരിക്കക്ക് ഒന്നും ചെയ്യാനില്ലെന്നും അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുകയാണ് വേണ്ടതെന്നും വേദാന്ത് പട്ടേല്‍ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പ്രശ്നങ്ങള്‍ ആ രാജ്യങ്ങള്‍ തന്നെയാണ് പരിഹാരം കാണേണ്ടതെന്നും അമേരിക്കക്ക് അതില്‍ റോളില്ലെന്നും പറഞ്ഞ വേദാന്ത് പട്ടേല്‍ സ്പോര്‍ട്സ് ആളുകളെ ഒരുമിപ്പിക്കാനുള്ള ശക്തമായ ഉപാധിയാണെന്നും വ്യക്തമാക്കി. ആളുകളെ തമ്മില്‍ ബന്ധിപ്പിക്കാൻ സ്പോര്‍ട്സിനെ ഉപയോഗിക്കുന്നതിനെ യുഎസ് സര്‍ക്കാർ എക്കാലത്തും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂവെന്നും വേദാന്ത് പട്ടേല്‍ വ്യക്തമാക്കി.
അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ വേദിയാവുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാനില്ലെന്നും ഹൈബ്രിഡ് മോഡലില്‍ കളിക്കാൻ തയാറാണെന്നും ബിസിസിഐ ഐസിസിയെ അറിയിച്ചിരുന്നു.ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കളിക്കാനായി പാകിസ്ഥാനിലേക്ക് വരുന്നില്ലെങ്കില്‍ ടൂര്‍ണമെന്‍റ് തന്നെ ബഹിഷ്കരിക്കണമെന്ന ആവശ്യവും പാകിസ്ഥാനില്‍ ഉയര്‍ന്നിരുന്നു.