നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പൗരൻമാര്‍ അടക്കം പലസ്തീൻ ആക്രമണകാരികളുടെ കുടുംബാംഗങ്ങളെ നാടുകടത്താനുള്ള നിയമം പാസാക്കി ഇസ്രായേൽ പാര്‍ലമെന്റ്
ടെൽ അവീവ്: ഫലസ്തീൻ ആക്രമണകാരികളേയും അവരുടെ കുടുംബാംഗങ്ങളെയും നാടുകടത്താനുള്ള നിയമം പാസാക്കി ഇസ്രായേൽ പാര്‍ലമെന്റ്. സ്വന്തം പൗരന്മാർ ഉൾപ്പെടെയുള്ള ഫലസ്തീൻ ആക്രമണകാരികളുടെ കുടുംബാംഗങ്ങളെ യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ നാടുകടത്താൻ അനുവദിക്കുന്നതാണ് നിയമം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ലിക്കുഡ് പാർട്ടിയിലെ അംഗങ്ങളും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും ചേർന്ന് 41ന് എതിരെ 61 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്. എന്നാൽ സുപ്രിംകോടതി കൂടി അംഗീകരിച്ചാൽ മാത്രമേ നിയമം പ്രാബല്യത്തിൽ വരൂ.
ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയുന്ന, അല്ലെങ്കിൽ ഭീകരവാദ പ്രവർത്തനത്തെ പിന്തുണയ്‌ക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്ന ഇസ്രായേലിലെ പലസ്തീനികൾക്കും കിഴക്കൻ ജറുസലേമിലെ നിവാസികൾക്കും ഇത് ബാധകമായിരിക്കുമെന്നാണ് നിയമം വ്യക്തമാക്കുന്നത്. ഏഴ് മുതൽ 20 വർഷം വരെ തിരിച്ചുപോകാൻ സാധിക്കാത്ത തരത്തിൽ ഗാസ മുനമ്പിലേക്കോ മറ്റൊരു സ്ഥലത്തേക്കോ അവരെ നാടുകടത്താനാണ് നീക്കം. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇത് ബാധകമാകുമോ എന്ന് വ്യക്തമല്ല
പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ഭൂരിഭാഗം ജനങ്ങളും പലായനം ചെയ്യുകയും ചെയ്ത ഗാസയിൽ ഇസ്രായേൽ-ഹമാസ് യുദ്ധം ഇപ്പോഴും രൂക്ഷമാണ്. വാസയോഗ്യമല്ലാത്ത ഇത്തരം സ്ഥലങ്ങളിലേക്ക് നാടുകടത്താൻ അനുവദിക്കുന്നതാണ് നിയമത്തിന്റെ ചുരുക്കം. ആക്രമണകാരികളുടെ കുടുംബവീടുകൾ പൊളിക്കുകയെന്ന ദീർഘകാല നയവും ഇസ്രായേലിന് ഉണ്ട്.
നിയമം സുപ്രീം കോടതിയിലെത്തിയാൽ മുൻ ഇസ്രായേലി കേസുകൾ പരിഗണിച്ചാൽ അത് റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകനും ഇസ്രായേൽ സൈന്യത്തിൻ്റെ മുൻ അന്താരാഷ്ട്ര നിയമ വിദഗ്ധനുമായ ഡോ. എറാൻ ഷമീർ-ബോറർ പറഞ്ഞു. ഇത് തികച്ചും ഭരണഘടനാ വിരുദ്ധവും ഇസ്രായേലിൻ്റെ അടിസ്ഥാന മൂല്യങ്ങളുമായി ചേരാത്തതും ആണെന്നും ഷമീർ-ബോറർ പ്രതികരിച്ചു.