നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
നിസാൻ പട്രോൾ ഇന്ത്യയിലേക്ക്; വിപണിയിലെത്തിക്കുക ഏറ്റവും പുതിയ മോഡൽ
മാഗ്നൈറ്റിലൂടെ ഇന്ത്യക്കാരുടെ മനംകവർന്നെടുത്ത നിസാൻ അവരുടെ എക്കാലത്തെയും മികച്ച വണ്ടിയായ പട്രോൾ ഇന്ത്യയിലേക്കെത്തിക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം ഇന്ത്യയിൽ ആദ്യം കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി പുറത്തിറക്കിയ X-ട്രെയിലിനേക്കാൾ മുകളിലായിരിക്കും പട്രോളിന്റെ സ്ഥാനം.
ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഡോയ്ക്ക് വെല്ലുവിളി ഉയർത്തി നിസാൻ പട്രോൾ കൂടി ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാൽ 2020ൽ ഇന്ത്യയിലേക്ക് എത്തിക്കാനിരുന്ന വാഹനമായിരുന്നു പട്രോൾ. അവസാന നിമിഷം അന്ന് അവതരണം വേണ്ടെന്ന് വെക്കുകയായിരുന്നു. ഇപ്പോൾ ഇന്ത്യൻ വാഹന വിപണിയിൽ വന്ന മാറ്റമാണ് നിസാനെ വീണ്ടും പട്രോളിൽ ഇന്ത്യയിലേക്ക് എത്തിക്കാൻ പ്രേരിപ്പിക്കുന്നത്.
അടുത്തിടെ പുതുതായി അവതരിപ്പിച്ച പട്രോളിന്റെ ഏറ്റവും പുതിയ മോഡലാവും നമ്മുടെ രാജ്യത്തേക്കും എത്തിക്കുക. നിരവധി ഹൈടെക് ഫീച്ചറുകളാൽ സമ്പന്നമാണ് ഏറ്റവും പുതിയ നിസാൻ പട്രോൾ. പിൻ യാത്രക്കാർക്കായി ഡ്യുവൽ 12.8 ഇഞ്ച് സ്‌ക്രീൻ, ജെസ്റ്റർ കൺട്രോളോടുകൂടിയ 14.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 14.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ (HUD), 360-ഡിഗ്രി ക്യാമറ തുടങ്ങീ നിരവധി സവിശേഷതകളാണ് പട്രോളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആഗോള വിപണിയിൽ എസ്‌യുവിക്ക് 3.5 ലിറ്റർ ട്വിൻ-ടർബോ V6 പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. 425 bhp കരുത്തിൽ പരമാവധി 700 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. നിസാൻ പട്രോളിന്റെ ഏറ്റവും പുതിയ തലമുറ നിലവിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണികളിൽ മാത്രമാണ് വിൽക്കുന്നത്.