നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
നിഗൂഢത വിരിയുന്ന കിഷ്കിന്ധയുടെ കഥ; സ്നേഹച്ചരടിൽ കോർത്ത മനുഷ്യരുടെയും - റിവ്യു
കിഷ്കിന്ധ' എന്ന പേര് കേൾക്കുമ്പോൾ തന്നെ ചതിയിൽ ബാലിയെ കൊന്ന സുഗ്രീവന്റെ കഥയാകും മലയാളികൾക്ക് ഓർമ വരിക. എന്നാൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ഇന്ന് തിയറ്ററിലെത്തിയ 'കിഷ്കിന്ധാ കാണ്ഡം' പറയുന്നത് സ്നേഹത്താൽ വെന്തുരുകി നീറുന്ന ചില മനുഷ്യരുടെ കഥയാണ്. അപർണ ബാലമുരളിയും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ വിജയരാഘവൻ ആണ് ഏറെ മർമ്മപ്രധാനമായ ഒരു വേഷം ചെയ്തിരിക്കുന്നത്. 'കക്ഷി അമ്മിണിപ്പിള്ള'യ്ക്ക് ശേഷം ദിൻജിത്ത് ഒരുക്കിയ ചിത്രം ആദ്യന്തം ദുരൂഹതയൊളിപ്പിച്ച് പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഒന്നായി മാറുകയാണ്.
പുരാണത്തിലെ കിഷ്കിന്ധ പോലെ തോന്നിപ്പിക്കുന്ന കുരങ്ങുകളുടെ വാസസ്ഥാനമായ ഒരു കാടിനരികിലാണ് റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥനായ അപ്പുപിള്ളയും മകൻ അജയചന്ദ്രനും താമസിക്കുന്നത്. ദുരൂഹത പേറുന്ന ആ പരിസരത്തേക്ക് അജയചന്ദ്രന്റെ രണ്ടാം ഭാര്യയായി കടന്നുവരികയാണ് അപർണ. അന്യദേശങ്ങളിൽ ജോലി നോക്കി മടുത്തപ്പോൾ ഒരു കുടുംബ ജീവിതത്തിലേക്ക് കടന്നുവരാൻ തയ്യാറായ അപർണയ്ക്ക് അൽപ്പം അന്വേഷണ ത്വര കൂടുതലുണ്ട്.
അജയചന്ദ്രനായി വേഷമിട്ടത് ആസിഫ് അലിയാണ്. ഒരൽപം പക്വതയുള്ള സ്നേഹനിധിയായ കുടുംബനാഥന്റെ വേഷം ആസിഫ് അലി ഭംഗിയാക്കി. അപർണയായി അപർണ ബാലമുരളിയും ഒപ്പത്തിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചു. നിഗൂഢത പേറുന്ന സുമദത്തൻ എന്ന കഥാപാത്രമായി ജഗദീഷും ശിവദാസൻ എന്ന പൊലീസുകാരനായി അശോകനും ചിത്രത്തിന് കരുത്ത് പകരുന്നുണ്ട്. നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.