നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
തമിഴ് ബിഗ് ബോസില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്; പുറത്തായ 'വിജയ് സേതുപതിയുടെ മകള്‍' തിരുമ്പി വന്താച്ച് !
ചെന്നൈ: കഴിഞ്ഞ വാരമാണ് തമിഴ് ബിഗ് ബോസ് സീസൺ എട്ടിന് തുടക്കമായത്. പുതിയ കളികളുമായി എത്തിയ ഷോയിൽ പുതിയ അവതാരകനും എത്തി. വിജയ് സേതുപതിയാണ് ഇനി ബിഗ് ബോസിലെ അവതാരകൻ. പതിനെട്ട് മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ ആദ്യദിനം തന്നെ എലിമിനേഷന്‍ ഏര്‍പ്പെടുത്തി കാണികളെ ഞെട്ടിച്ചിരുന്നു. ഷോ തുടങ്ങി വെറും 24 മണിക്കൂറിൽ ആദ്യ എവിക്ഷൻ നടന്നു എന്നത് കാണികള്‍ക്കും വീട്ടിലെത്തിയവര്‍ക്കും ഷോക്കായിരുന്നു.
തെന്നിന്ത്യൻ ബിഗ് ബോസ് ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തൊരു 24 മണിക്കൂർ എവിക്ഷൻ ആയിരുന്നു ഇത്. മഹാരാജ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ വിജയ് സേതുപതിയുടെ മകളായി വേഷമിട്ട സചനയാണ് ബിഗ് ബോസ് സീസൺ എട്ടിൽ നിന്നും പുറത്തായിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു എലിമിനേഷൻ നടന്നത്. ഒപ്പൺ നോമിനേഷൻ ആയിരുന്നു.
എന്നാല്‍ ഒന്നാം വാരം അവസാനിക്കാന്‍ ഇരിക്കുമ്പോള്‍ വന്‍ ട്വിസ്റ്റാണ് സംഭവിച്ചത്. വൈൽഡ് കാർഡ് മത്സരാർത്ഥിയായി സചന നമിദാസ് വീണ്ടും വീട്ടിലേക്ക് നാടകീയ രംഗപ്രവേശനം നടത്തി. വീട്ടിലെ അംഗങ്ങളെയെല്ലാം ഞെട്ടിച്ചാണ് സചന വീണ്ടും തിരിച്ചെത്തിയത്. എന്തായാലും കളി മാറുന്ന രീതിയിലാണ് സചനയുടെ തിരിച്ചുവരവ്.
ജൂൺ 14ന് റിലീസ് ചെയ്ത് ഏറെ ശ്രദ്ധനേടിയ സിനിമയാണ് മഹാരാജ. വിജയ് സേതുപതിയുടെ മകൾ ജോതിയുടെ വേഷമായിരുന്നു ചിത്രത്തിൽ സചന കൈകാര്യം ചെയ്തത്. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. നിതിലൻ സ്വാമിനാഥൻ ആയിരുന്നു ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. വിജയ് സേതുപതി, അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നടരാജൻ സുബ്രഹ്മണ്യം, അഭിരാമി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.