നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ആ സിനിമയിലെ ആസിഫിൻ്റെ പ്രകടനം ഗംഭീരമായിരുന്നു, ഒരു മികച്ച ആക്ടർ ആണെന്ന് അദ്ദേഹം തെളിയിച്ചു; ഐശ്വര്യ ലക്ഷ്മി
ഹലോ മമ്മി'യാണ് ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ഐശ്വര്യ ലക്ഷ്മി ചിത്രം. ഒരു ഫാന്റസി ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
കെട്ട്യോളാണ് എന്റെ മാലാഖയിലെ ആസിഫിന്റെ പ്രകടനം ഗംഭീരമായിരുന്നെന്ന് നടി ഐശ്വര്യ ലക്ഷ്മി. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യ ലക്ഷ്മി ആസിഫ് അലിയുടെ അഭിനയത്തെക്കുറിച്ച് സംസാരിച്ചത്. 'ചിത്രത്തിലെ അവസാന സീനിൽ അദ്ദേഹത്തിന്റെ മുഖത്ത് നിന്നും പശ്ചാത്താപവും, സ്നേഹവും, നിസ്സഹായതയും ഒക്കെ ഒറ്റയടിക്ക് നമുക്ക് മനസിലാകും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീനാണ് അത്. ഒരു അഭിനേതാവെന്ന നിലയിൽ താൻ മികച്ചതാണെന്ന് ആസിഫ് തെളിയിച്ചു കഴിഞ്ഞു', എന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
അജി പീറ്റർ തങ്കത്തിന്റെ തിരക്കഥയിൽ നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ. ചിത്രത്തിൽ സ്ലീവാച്ചൻ എന്ന കഥാപാത്രത്തെ ആയിരുന്നു ആസിഫ് അലി അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പ്രശംസകളാണ് ആസിഫിനെ തേടിയെത്തിയത്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിട്ടാണ് പ്രേക്ഷകർ കെട്ട്യോളാണ് എന്റെ മാലാഖയെ കണക്കാക്കുന്നത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും നല്ല കളക്ഷൻ നേടിയിരുന്നു. വീണ നന്ദകുമാർ, ബേസിൽ ജോസഫ്, ജാഫർ ഇടുക്കി, റോണി ഡേവിഡ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം ഹലോ മമ്മിയാണ് ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ഐശ്വര്യ ലക്ഷ്മി ചിത്രം. ഒരു ഫാന്റസി ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. വൈശാഖ് എലൻസ് ആണ് സിനിമ സംവിധാനം ചെയ്തത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഷറഫുദ്ധീൻ, സണ്ണി ഹിന്ദുജ ('ആസ്പിരന്റ്സ്'ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തിയത്.