നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഡ്രൈവർ ആവശ്യമില്ലാത്ത റോബോടാക്സി; സൈബർക്യാബിൻ്റെ മോഡൽ പുറത്തിറക്കി ടെസ്‌ല
ടെസ്‌ല സിഇഒ ഇലോൺ മസ്‌കാണ് സൈബർക്യാബിൻ്റെ മോഡൽ പുറത്തിറക്കിയത്.
ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഡ്രൈവറില്ലാത്ത ഫുൾഓട്ടോമാറ്റിക് റോബോടാക്സിയായ സൈബർക്യാബിൻ്റെ മോഡൽ പുറത്തിറക്കി. ടെസ്‌ല സിഇഒ ഇലോൺ മസ്‌കാണ് വ്യാഴ്യാഴ്ച നടന്ന പരിപാടിയിൽ സൈബർക്യാബിൻ്റെ മോഡൽ പുറത്തിറക്കിയത്.
ടെസ്‌ല സൈബർട്രക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെസ്‌ല സൈബർക്യാബിൻ്റെ ഡിസൈൻ. ഇതിന് രണ്ട് ഗൾ-വിംഗ് വാതിലുകളാണുള്ളത്. രണ്ടാം നിര സീറ്റുകളില്ലാതെ മുൻവശത്ത് രണ്ട് സീറ്റുകൾ മാത്രമാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീലുകളോ പെഡലുകളോ ഇതിൽ സജ്ജീകരിച്ചിട്ടില്ലെന്നതാണ് ഏറ്റവും കൗതുകകരമായിട്ടുള്ളത്.
സൈബർക്യാബിൻ്റെ നിർമ്മാണം 2026ൽ ആരംഭിക്കുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. 30,000 ഡോളറിൽ താഴെ ഈ സൈബർക്യാബ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും മോഡൽ പ്രദർശിപ്പിച്ച വേദിയിൽ വെച്ച് മസ്ക് വ്യക്തമാക്കി. ഒരു മൈൽ ദൂരം സൈബർക്യാബ് സഞ്ചരിക്കാന്‍ 20 സെൻ്റ് ചെലവ് വരുമെന്നാണ് മസ്ക് വ്യക്തമാക്കിയത്.
സൈബർക്യാബ്സ് എന്ന പേരിൽ ഡ്രൈവറില്ലാതെ ഓടുന്ന ടെസ്‌ല ടാക്‌സികൾ ഒരു ആപ്പിലൂടെ യാത്രക്കാർക്ക് ഓട്ടം വിളിക്കാവുന്ന നിലയിൽ സജ്ജീകരിക്കാനാണ് മസ്‌കിൻ്റെ പദ്ധതി. വ്യക്തിഗത ടെസ്‌ല ഉടമകൾക്ക് അവരുടെ വാഹനങ്ങളെ റോബോടാക്‌സികളാക്കി മാറ്റ് ആപ്പിൽ പണമുണ്ടാക്കാനും കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിനടുത്തുള്ള വാർണർ ബ്രദേഴ്‌സ് സ്റ്റുഡിയോയിൽ വ്യാഴാഴ്ച നടന്ന പരിപാടിയിലാണ് സൈബർക്യാബിൻ്റെ മോഡൽ പ്രദർശിപ്പിച്ചത്. "ഞങ്ങൾ, റോബോട്ട്" എന്നായിരുന്നു പരിപാടിയുടെ പേര്. അമേരിക്കൻ എഴുത്തുകാരനായ ഐസക് അസിമോവിൻ്റെ 'ഐ, റോബോട്ട്' എന്ന സയൻസ് ഫിക്ഷൻ ചെറുകഥകള്‍ക്കുള്ള അംഗീകാരമായാണ് ഇത്തരമൊരു പേര് ചടങ്ങിന് നൽ കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു വാഹന നിർമ്മാണ കമ്പനി എന്നതിൽ ഉപരിയായി ടെസ്‌ലയെ എഐ റോബോട്ടിക്‌സ് കമ്പനിയായി കണക്കാക്കണമെന്ന മസ്കിൻ്റെ താൽപ്പര്യവും ഈ പേരിൽ പ്രതിഫലിക്കുന്നുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.