നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കൊല്‍ക്കത്തയില്‍ ആരാധകര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്
കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി സ്റ്റേഡിയത്തില്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗിനെതിരായ മത്സരത്തില്‍ തങ്ങളുടെ ആരാധകരെ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ആരാധകര്‍ ആക്രമിച്ച സംഭവത്തില്‍ ഔദ്യോഗികമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) അധികൃതര്‍ക്ക് പരാതി നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ്. മത്സരം 2-1 എന്ന സ്‌കോറില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചിരുന്നു. മത്സരത്തില്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി നിഷേധിക്കപ്പെട്ടതോടെയാണ് ആരാധകര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കും കളിക്കാര്‍ക്കും നേരെ തിരിഞ്ഞത്. ഗ്യാലറിയില്‍ നിന്ന് വടികളും കുപ്പികളും എറിഞ്ഞതിന് പുറമെ പടക്കം പൊട്ടിക്കുക കൂടി ചെയ്തതോടെ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
ടീമിന്റെ കൂടെ യാത്ര ചെയ്യുന്ന ആരാധകരുടെ കൂടി സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തം എന്ന നിലയിലാണെന്ന് കാണിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഉടമ നിഖില്‍ ഭരദ്വാപരാതിയുമായി ഐഎസ്എല്‍ അധികൃതരെ സമീപിച്ചിരിക്കുന്നത്. പരാതി നല്‍കിയ കാര്യം ഇദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.
കളിയുടെ 28-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് എതിരെ മുഹമ്മദന്‍സിന് പെനാല്‍റ്റി ലഭിക്കുകയും, അവരുടെ ഉസ്ബാക്കിസ്ഥാന്‍ താരം മിര്‍ജലോല്‍ കാസിമോവ് അത് ഗോളാക്കുകയും ചെയ്തിരുന്നു. 1-0 സ്‌കോറില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ലീഡില്‍ തുടരവെ 67, 75 മിനിറ്റുകളില്‍ ക്വമേ പെപ്രയും ജീസസ് ജിമന്‍സും നേടിയ ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയിരുന്നു. തുടര്‍ന്ന് മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ മുഹമ്മദന്‍സ് സോപര്‍ട്ടിങിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അനുവദിക്കപ്പെട്ടില്ല. അപ്പീല്‍ റഫറി തള്ളിക്കളഞ്ഞതോടെയാണ് മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കും ആരാധാകര്‍ക്കും നേരെ തിരിഞ്ഞത്. സംഘര്‍ഷം രൂക്ഷമായതോടെ ഏതാനും മിനിറ്റുകള്‍ മത്സരം നിര്‍ത്തി വെക്കേണ്ടിയും വന്നിരുന്നു.