നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഏകദേശം എട്ട് വര്‍ഷത്തോളം ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടര്‍ന്ന ഗാരത് സൗത്ത് ഗെയ്റ്റ് എന്ന 53-കാരനും ഇംഗ്ലണ്ടിന് ഒരു കിരീടം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന നിരാശയോടെയാണ് പടിയിറങ്ങുന്നത്. 1966-ല്‍ ലോക കപ്പ് നേടിയതിന് ശേഷം ഇന്നുവരെ ഒരു പ്രധാന ടൂര്‍ണമെന്റിലും അവസാന മാച്ചിലെത്തി വിജയിക്കാന്‍ ഇംഗ്ലണ്ടിന് ആയില്ലെന്ന സങ്കടം ആ രാജ്യത്തെയാകെ ചൂഴ്ന്ന് നില്‍ക്കുമ്പോള്‍ കരാര്‍ പ്രകാരം അഞ്ചര മാസം ഉണ്ടായിരിക്കെ പോലും സൗത്ത് ഗെയ്റ്റിന് പടിയിറാങ്ങാതിരിക്കാന്‍ ആകില്ല. കാരണം ഓരോ ഇംഗ്ലീഷ് പൗരനും അത്രക്കധികം ആഗ്രഹിച്ചതായിരുന്നു ഇത്തവണയെങ്കിലും യൂറോ കിരീടമെന്നത്. യൂറോ-2024 ഫൈനലില്‍ സ്പെയിനിനോട് 2-1 എന്ന സ്‌കോറില്‍ കിരീടം നഷ്ടമായതോടെയാണ് സൗത്ത് ഗേറ്റ് കടുത്ത തീരുമാനത്തിലേക്ക് പോയത്. അദ്ദേഹത്തിന്റെ കരാര്‍ ഈ വര്‍ഷം ഡിസംബറിലാണ് അവസാനിക്കുക. തുടര്‍ച്ചയായ രണ്ടാം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇംഗ്ലണ്ടി നയിച്ചതിന് ശേഷമാണ് അദ്ദേഹം മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് യാത്ര പറയുന്നത്. ഫൈനലില്‍ പരാജയപ്പെട്ടതോടെ അധികം വൈകാതെ തന്നെ ഇംഗ്ലണ്ട് ടീമും പരിവാരങ്ങളും നാട്ടിലേക്ക് തിരിച്ചിരുന്നു.