നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഒളിംപിക്സ് മാതൃകയിൽ കേരള സ്കൂൾ കായിക മേള!
തിരിതെളിയിക്കാൻ മമ്മൂട്ടിയും പിആർ ശ്രീജേഷുമടക്കമുള്ളവരെത്തും
കൊച്ചി: ഒളിംപിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ നടൻ മമ്മൂട്ടിയാകും നിർവഹിക്കുക. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പി ആർ ശ്രീജേഷും ചേർന്നു ദീപശിഖ തെളിയിക്കുന്നതോടെ മേളയ്ക്ക് തുടക്കമാകും.3500 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും ആലുവ മുതൽ ഫോർട്ട് കൊച്ചി വരെയുള്ള 32 സ്‌കൂളുകളിൽ നിന്നുള്ള 4000 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങിനു മാറ്റ് കൂട്ടും. ഉദ്ഘാടന ചടങ്ങിനു ശേഷം ബാൻഡ് മാർച്ച് ആരംഭിക്കും. പിന്നീട് കൊച്ചിയെ പ്രതിനിധാനം ചെയ്ത് ക്വീനും ഫ്‌ളവർ ഗേൾസും മാർച്ച് ചെയ്യും. 100 മുത്തുക്കുടകൾ അകമ്പടി സേവിക്കും. നേവൽ എൻ സി സി കേഡറ്റുകളുടെ ട്വന്റി ഫോർ കൊച്ചി ഫോർമേഷനും നടക്കും. തുടർന്ന് ആയിരം പേരുടെ മാസ് ഡ്രിൽ. പിന്നാലെ ആയിരം പേർ അണിനിരക്കുന്ന സൂമ്പ. അതിനുശേഷം ആയിരം പേർ അണിനിരക്കുന്ന ഫ്രീ ഹാൻഡ് എക്സർസൈസ്. തുടർന്ന് ക്യൂൻ ഓഫ് അറേബ്യൻ സി സാംസ്കാരിക പരിപാടി അവതരിപ്പിക്കും. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടുള്ള കലാപരിപാടിയും അവതരിപ്പിക്കും.
ഉദ്ഘാടന ചടങ്ങിൽ വ്യവസായ വകുപ്പു മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ അബ്ദു റഹ്മാൻ, ആർ ബിന്ദു, ജി ആർ അനിൽ, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവർ മുഖ്യാതിഥികളാവും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും. എം പി മാരായായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ , എം എൽ എ മാരായ ടി ജെ വിനോദ്, പി വി ശ്രീനിജിൻ, കെ ബാബു, കെ എൻ ഉണ്ണികൃഷ്ണൻ, ഉമാ തോമസ്, കെ ജെ മാക്സി, കൊച്ചി മേയർ എം അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്,
എസ് സി ഇ ആർ ടി ഡയറക്ടർ ആർ കെ ജയപ്രകാശ്, സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എ ആർ സുപ്രിയ, കൈറ്റ് സി ഇ ഒ അൻവർ സാദത്ത്, മഹാരാജാസ് കോളജ് പ്രിൻസിപ്പൽ എസ് ഷാജില ബീവി, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി എ സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ സ്പോർട്സ് ഓർഗനൈസർ സി എസ് പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.