നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കളമശ്ശേരി അപകടം; കാരണം വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്കി തകരാറിലായത്;
നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ കരിങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്കി പൊട്ടിയതാണ് മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അജു മോഹനന്റെ മരണത്തിനിടയാക്കിയത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. ഇന്ന് രാവിലെ മൂന്നേമുക്കാലോടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ക്രഷറിൽ കരിങ്കല്ല് ഇറക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് പെട്ടെന്ന് ഹൈഡ്രോളിക് ജാക്കി തകരാറിലാകുന്നത്.
പൊടുന്നെനെ കാബിനിലുണ്ടായിരുന്ന ഡ്രൈവർ ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീഴുന്നതും തല തൊട്ടടുത്ത ഷീറ്റിൽ ഇടിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഡ്രൈവറുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. സമീപത്തെ ഇരുമ്പ് പൈപ്പിൽ തലയിടിച്ചതിനെ തുടർന്നാണ് അജു മോഹനന്റെ മരണം സംഭവിച്ചത്. മാത്രമല്ല അജുവിനെ ആശുപത്രിയിൽ എത്തിക്കാൻ താമസം നേരിട്ടെന്നും പരാതി ഉയരുന്നുണ്ട്.