നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ആഫ്രിക്കയെ ഭയപ്പെടുത്തുന്ന എം പോക്സ് ഇന്ത്യയിലും; വസൂരിക്ക് സമാനമായ വൈറസിനെകുറിച്ച് അറിയേണ്ടത്
ആഫ്രിക്കന് രാജ്യങ്ങളില് അതിവേഗത്തില് പടർന്ന് പിടിക്കുന്ന എംപോക്സ് (Mpox) ഇന്ത്യയിലും സ്ഥിരീകരിച്ചു. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ലക്ഷണങ്ങള് കണ്ടതിനെ തുടര്ന്ന് സാമ്പിള് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ക്ലാസ് 2 എം പോക്സ് വൈറസാണ് ഇയാളില് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആഫ്രിക്കന് രാജ്യങ്ങളില് എംപോക്സ് (Mpox) അതിവേഗത്തില് പടർന്ന് പിടിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന 2024 ഓഗസ്റ്റ് 14 ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല് കോവിഡ് പോലെയല്ല എംപോക്സ് എന്ന് ലോകാരോഗ്യസംഘടനയുടെ യൂറോപ്യൻ റീജിയണല് ഡയറക്ടറായ ഹാന്സ് ക്ലൂഗ് വ്യക്തമാക്കിയിരുന്നു
വർഷങ്ങളായി ഒരു ജന്തുജന്യ രോഗം മാത്രമായിരുന്നു എംപോക്സ്. ഈ രോഗത്തിന് കാരണമാകുന്നത് വസൂരി വൈറസിന്റെ കുടുംബത്തില് പെട്ട മങ്കി പോക്സ് വൈറസാണ്. ഇതൊരു ഡിഎന്എ വൈറസാണ്. ഇത് വസൂരിക്ക് സമാനമായ അസുഖമാണെന്നാണ് കണ്ടെത്തല്. ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകള്ക്കു സമീപമുള്ള പ്രദേശങ്ങളിലാണ് മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം പൊതുവെ കാണപ്പെടുന്നത്. ഇതിന്റെ സ്വാഭാവിക ഉറവിടത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, എലികളെപ്പോലുള്ള കരണ്ടു തീനികളിലും, ആൾക്കുരങ്ങ് പോലുള്ള പ്രൈമേറ്റുകളിലുമാണ് രോഗം മുഖ്യമായും കാണുന്നത്. ഇവയില് നിന്നാണ് മനുഷ്യനിലേക്ക് എംപോക്സ് പടരുന്നതെന്നാണ് ശാസ്ത്രജ്ഞര് സംശയിക്കുന്നത്. എന്നാൽ ഇന്ന് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പടർന്നു കൊണ്ടിരിക്കുന്നു.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്. പനി വന്ന് 13 ദിവസത്തിനുള്ളില് ദേഹത്ത് കുമിളകള് പ്രത്യക്ഷപ്പെടാന് തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല് കുമിളകള് കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ജങ്ക്റ്റിവ, കോര്ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.1958-ല്, ഗവേഷണത്തിനായി സൂക്ഷിച്ചിരിക്കുന്ന കുരങ്ങുകളിലാണ് വസൂരിക്ക് സമാനമായ ഈ അസുഖം കണ്ടെത്തിയത്. 1970-ല്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് മനുഷ്യരില് ആദ്യമായി എംപോക്സ് രോഗം കണ്ടെത്തിയത്. 2022-ല് ലോകമെമ്പാടും എംപോക്സ് പടർന്നു പിടിച്ചു.
രോഗങ്ങളുടെ പേര് നല്കുന്നതിനുള്ള ആധുനിക മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായി ലോകാരോഗ്യ സംഘടന 2022-ല് രോഗത്തിൻ്റെ പേര് മങ്കി പോക്സില് നിന്ന് എംപോക്സ് എന്നാക്കി മാറ്റി. രോഗത്തിന് കാരണമാകുന്ന വൈറസിന്റെ പേര് ഇപ്പോഴും മങ്കി പോക്സ് വൈറസ് എന്നാണ് പറയുന്നത് .വര്ഷങ്ങളായി എംപോക്സ് ആഫ്രിക്കയില് പടരുന്നുണ്ട്. എന്നാല് ആഗോള സമൂഹം ഇതിനെ ആഫ്രിക്കയുടെ മാത്രം പ്രശ്നമായി കണ്ടു. അതിനാല് രോഗനിരീക്ഷണത്തിനും, നിര്ണയത്തിനും, ചികത്സയ്ക്കുമുള്ള ഗവേഷണ ഫണ്ടുകള് ആഫ്രിക്കന് രാജ്യങ്ങള്ക്ക് ലഭിച്ചില്ല. ഇത് ആഫ്രിക്കയ്ക്കുള്ളിലും പുറത്തും രോഗം വ്യാപകമാകുന്നതിന് കാരണമായി. 2022-ല് ആഫ്രിക്കയ്ക്ക് പുറത്ത്, പ്രത്യേകിച്ച് ഉയര്ന്ന വരുമാനമുള്ള രാജ്യങ്ങളില് എംപോക്സ് പടര്ന്ന് പിടിച്ചപ്പോള് മാത്രമാണ് രോഗവ്യാപനത്തിന്റെ ഗൗരവം ലോകത്തിന് മനസിലായത്.
കാലാവസ്ഥ വ്യതിയാനവും, ജനസംഖ്യാ പെരുപ്പവും, വര്ദ്ധിച്ച അന്തരാഷ്ട്ര വാണിജ്യ ബന്ധങ്ങളും, അന്താരാഷ്ട്ര യാത്രകളും, അമിതമായ വനനശീകരണവും, സാംക്രമിക രോഗങ്ങളുടെ, പ്രത്യേകച്ച് ജന്തുജന്യ രോഗങ്ങളുടെ ആവിര്ഭാവത്തിനും, പുനര്ആവിര്ഭാവത്തിനും കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള രോഗങ്ങളെ നേരിടാനും നിര്മാര്ജനം ചെയ്യാനും കൂട്ടായ അന്താരാഷ്ട്ര പരിശ്രമം ആവശ്യമാണെന്ന് നിലവിലെ അവസ്ഥ ആവശ്യപ്പെടുന്നു.