നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
‘അധികാരത്തിന് വേണ്ടി ചിലര്‍ എന്തും പറയും’; സാദിഖലി ശിഹാബ് തങ്ങളെ വിമര്‍ശിച്ച ഉമര്‍ ഫൈസിക്കെതിരെ ലീഗ്
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസിക്കെതിരെ വിമര്‍ശനം തുടര്‍ന്ന് മുസ്ലിം ലീഗ് നേതാക്കള്‍. ഉമര്‍ ഫൈസിയുടേത് സ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശമെന്ന് കുഞ്ഞാലികുട്ടി വിമര്‍ശിച്ചു. അധികാരത്തിന് വേണ്ടി ചിലര്‍ എന്തും പറയുന്നു എന്ന് പികെ ബഷീര്‍ എംഎല്‍എ വിമര്‍ശിച്ചു. ഉമര്‍ ഫൈസി മുക്കത്തിന് മറുപടിയുമായി കോഴിക്കോടും മലപ്പുറത്തും ആദര്‍ശ സമ്മളനവുമായി എതിര്‍വിഭാഗം രംഗത്തെത്തിയിട്ടുമുണ്ട്. (Muslim League leaders against umar faizy)
മുസ്ലിം ലീഗിനെതിരെ തുടര്‍ച്ചയായി ഉമര്‍ ഫൈസി മുക്കം വിവാദ പ്രസ്താവനകള്‍ നടത്തുകയും പിന്നീട് നേതൃത്വം തള്ളിപ്പറയുകയും ചെയ്യുന്ന രീതി ഇനിയും അംഗീകരിക്കാനാകില്ല എന്നാണ് ലീഗ് നിലപാട്. സാദിഖ് അലി തങ്ങള്‍ക്ക് എതിരായ പരാമര്‍ശം അതിരു കടന്നെന്നാണ് വിലയിരുത്തല്‍. ഉമര്‍ ഫൈസി മുക്കത്തിനെ സമസ്ത മുശാവറയില്‍ നിന്ന് പുറത്താക്കണം എന്നാണ് ലീഗിന്റെ ആവശ്യം. ഉമര്‍ ഫൈസിക്ക് എതിരെ പികെ കുഞ്ഞാലികുട്ടി ഇന്നും രംഗത്ത് വന്നു.
പാണക്കാട്ടെ കുട്ടികളെ തൊട്ടു കളിച്ചാല്‍ തീ കളി ആകുമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് ജില്ല പ്രസിഡന്റ് ആര്‍വി കുട്ടി ഹസന്‍ ദാരിമി പ്രതികരിച്ചു. സുന്നി ആദര്‍ശ വേദി സംഘടിപ്പിച്ച പ്രതിരോധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് എടവണ്ണപ്പാറയില്‍ നടത്തുന്ന ആദര്‍ശ സമ്മേളനത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും എന്നാണ് വിവരം. അതേസമയം ഉമര്‍ ഫൈസിക്ക് പിന്തുണയുമായി സമസ്തയിലെ ഒരു വിഭാഗം മുഷാറവ അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. ഉമര്‍ ഫൈസിക്കെതിരായ പ്രതിഷേധം സമസ്തയെ അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ഐഎന്‍എല്‍ കുറ്റപ്പെടുത്തി. സമസ്ത -ലീഗ് തര്‍ക്കം പരസ്യ പോരിലേക്ക് എത്തിയ സാഹചര്യത്തില്‍ ഉമര്‍ ഫൈസിക്ക് എതിരെ നടപടി എടുത്തില്ലെങ്കില്‍ സമസ്ത -ലീഗ് ബന്ധം കൂടുതല്‍ വഷളാകും.