നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇനി എംഎൽഎമാർ; രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ കന്നി സത്യപ്രതിജ്ഞ. ദൃഢപ്രതിജ്ഞ ചെയ്തായിരുന്നു യുആർ പ്രദീപിന്റെ നിയമസഭയിലെ രണ്ടാം മുഴം. 2016 ആയിരുന്നു യു ആർ പ്രദീപിന്റെ ആദ്യ വിജയം. നിലവിൽ സിപിഐഎം ദേശമംഗലം ലോക്കൽ കമ്മിറ്റി സെക്രെട്ടറിയാണ് യു ആർ പ്രദീപ്. നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ ആണ് ഇരുവർക്കും സത്യവാചകം ചൊല്ലികൊടുത്തത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഇത് മറികടന്നു.ചേലക്കരയിൽ 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുആർ പ്രദീപിൻ്റെ വിജയം.