നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
312 പന്തുകള്‍ നേരിട്ട് ജയം; കാന്‍പുരിലെ ടെസ്റ്റ് ജയത്തിന് ക്രിക്കറ്റ് ചരിത്രത്തിലുള്ള സ്ഥാനം
കാന്‍പുര്‍: കാന്‍പുരില്‍ ഇന്ത്യ ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കിയപ്പോൾ ഏഴുവിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ മൂന്ന് ദിനം 35 ഓവര്‍ മാത്രമാണ് എറിയാനായത്. തുടര്‍ന്ന് നാല്, അഞ്ച് ദിവസങ്ങളില്‍ തന്ത്രമൊരുക്കിക്കളിച്ച് ഇന്ത്യ ഐതിഹാസിക ജയം നേടി.
107-ന് മൂന്ന് എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് നാലാംദിനം 233-ന് പുറത്തായി. 50 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്ത ബുംറ മികവ് കാട്ടി. ബംഗ്ലാദേശ് നിരയില്‍ ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും മറുവശത്ത് മോമിനുല്‍ ഹഖ് സെഞ്ചുറിയുമായി (107*) പിടിച്ചുനിന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ രോഹിത്, ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, കോലി എന്നിവരുടെയെല്ലാം ബലത്തില്‍ 34.4 ഓവറില്‍ 285-ന് ഒന്‍പത് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 52 റണ്‍സിന്റെ ലീഡ്.
രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 146 റണ്‍സില്‍ ചുരുട്ടിക്കെട്ടി. 17 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് നേടിയ ബുംറ, 34 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് നേടിയ ജഡേജ, 50 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് നേടിയ ആകാശ്ദീപ് എന്നിവരാണ് ബംഗ്ലാദേശിനെ പെട്ടെന്ന് തകര്‍ത്തത്. തുടര്‍ന്ന് 95 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയിച്ചു.
മഴ കളി തടസ്സപ്പെടുത്തിയതോടെ വളരെക്കുറഞ്ഞ ഓവറുകളും മണിക്കൂറുകളും മാത്രമാണ് കാന്‍പുര്‍ ടെസ്റ്റില്‍ ഉണ്ടായിരുന്നത്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ക്രിക്കറ്റ് ചരിത്രത്തിൽ എത്രാമത്തെ സ്ഥാനമാണ് ഈ ടെസ്റ്റ് വിജയത്തിനുണ്ടാവുക? 1935-ല്‍ ബ്രിജ്ടൗണില്‍ ഇംഗ്ലണ്ട് സ്ഥാപിച്ച റെക്കോഡ് 89 വര്‍ഷങ്ങള്‍ക്ക് ശേഷവും തകര്‍ക്കാനാവാതെ തുടരുന്നു. അന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരേ 276 പന്തുകള്‍ മാത്രം നേരിട്ടാണ് ഇംഗ്ലണ്ടിന്റെ വിജയം.
ആദ്യ അഞ്ചില്‍ ഇന്ത്യ രണ്ടുതവണ ഇടംപിടിച്ചിട്ടുണ്ട്. അവ രണ്ടും ഈവര്‍ഷമാണെന്ന പ്രത്യേകതയുമുണ്ട്. ഈ വര്‍ഷമാദ്യം കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് ഇന്നിങ്‌സിലുമായി 281പന്തുകളില്‍ ഇന്ത്യ വിജയം നേടിയിരുന്നു. 300-ല്‍ താഴെ പന്തുകളില്‍ ടെസ്റ്റ് വിജയിച്ച ടീമുകള്‍ ഇന്ത്യയും ഇംഗ്ലണ്ടും മാത്രമാണ്. കാന്‍പുരില്‍ ഇന്നത്തെ ഇന്ത്യയുടെ വിജയം ബംഗ്ലാദേശിനെതിരേ 312 പന്തുകള്‍ നേരിട്ടാണ്. പട്ടികയില്‍ നാലാമതാണിത്. 2005-ല്‍ സിംബാബ്‌വെയ്‌ക്കെതിരേ 300 പന്തുകളില്‍ വിജയംവരിച്ച ദക്ഷിണാഫ്രിക്ക മൂന്നാമതും 1932-ല്‍ മെല്‍ബണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 327 പന്തുകളില്‍ വിജയിച്ച ഓസ്‌ട്രേലിയ അഞ്ചാമതുമാണ്.