നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
15-കാരനെ ഉപയോഗിച്ച് പണം തട്ടി; ഹണി ട്രാപ്പ് സംഘം അറസ്റ്റിൽ
അരീക്കോട്: പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം അറസ്റ്റിൽ. 15-കാരനെ ഉപയോഗിച്ച് ഒരാളിൽ നിന്ന് പണം തട്ടിയ കേസിലാണ് അഞ്ചുപേരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കാവനൂർ സ്വദേശി ഇർഫാൻ, പുത്തലം സ്വദേശി ആഷിക്, എടവണ്ണ സ്വദേശി ഹരികൃഷ്ണൻ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പരാതിക്കാരനും 15-കാരനും തമ്മിൽ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും അരീക്കോട്ട് വെച്ച് നേരിൽ കാണാമെന്ന് തീരുമാനിച്ചു.
പരാതിക്കാരൻ അരീക്കോട് എത്തിയ സമയത്ത് പ്രതികൾ സംഘം ചേർന്ന് ഇയാളെ മർദിക്കുകയും പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. ആദ്യം 20,000 രൂപയും പിന്നെ രണ്ടു ഘട്ടമായി ഒരു ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതിൽ 40000 രൂപ പരാതിക്കാരൻ സംഘത്തിന് കൈമാറി. എന്നാൽ സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് തന്ത്രപരമായി പ്രതികളെ പൊലീസ് വലയിലാക്കുകയായിരുന്നു. ഇവർ ഇതിനുമുമ്പും സമാനമായ രീതിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന.