നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം
ലോകം അഴിമതികളിൽ (Corruption) നിന്ന് മുക്തി നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും ഡിസംബർ 9ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം (International Anti-Corruption Day) ആചരിക്കുന്നത്. സമൂഹത്തിലെ എല്ലാ മേഖലകളെയും ബാധിക്കുന്ന ഒന്നാണ് അഴിമതി. എന്നാൽ അഴിമതി തടയുന്നത് വഴി മാത്രമേ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളൂ.
അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും
2003 ഡിസംബറിലാണ് അന്താരാഷ്‌ട്ര അഴിമതിക്കെതിരെ പോരാടുന്നതിന് ഐക്യരാഷ്ട്രസഭ ആദ്യ ചുവടുവെപ്പ് നടത്തിയത്. അഴിമതിക്കെതിരായ യുഎൻസിഎസി (UNCAC) യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ 2003 ഒക്ടോബർ 31ന് രൂപീകരിച്ചു. യുഎൻ അംഗരാജ്യങ്ങൾ ഒപ്പുവച്ച ഉടമ്പടിയാണ് യുഎൻഎസി. ക്രമസമാധാനം ഉറപ്പുവരുത്തി അഴിമതി കുറയ്ക്കുന്നതിന് പ്രവർത്തിക്കാൻ സംസ്ഥാനങ്ങളിലെ അംഗങ്ങളെ നിയമപരമായി ബന്ധിപ്പിക്കുക എന്നതാണ് ഈ ഉടമ്പടിയുടെ ലക്ഷ്യം.
ലോകമെമ്പാടുമുള്ള ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയാണ് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം സംഘടിപ്പിക്കുന്നത്. എല്ലാ ഏജൻസികളും അവരുടെ പ്രാദേശിക പങ്കാളികളുമായി ചേർന്ന് ഈ ദിവസം അഴിമതിക്കെതിരെ പോരാടുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്നു. സർക്കാർ, സർക്കാരിതര സംഘടനകളും ഈ ദിനം ആചരിക്കാറുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾക്കായി രചന മത്സരം, പ്രസംഗം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.ഈ ആഗോള പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് മാത്രമല്ല, സമൂഹത്തിലെ ഓരോ പൌരനും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. സമൂഹത്തിൽ അഴിമതി തടയുന്നതിന് ചെറുപ്പക്കാർക്കും പ്രായമായവർക്കും തുടങ്ങി ഓരോ വ്യക്തികൾക്കും പങ്കുണ്ട്. എന്നാൽ ജനങ്ങൾക്ക് അഴിമതിക്കെതിരെ ശബ്ദമുയർത്താൻ കഴിയുന്ന നയങ്ങളും സംവിധാനങ്ങളും നടപടികളും രാജ്യങ്ങളിൽ നിലവിലുണ്ടാകുകയും വേണം.
ദിവസവും നിരവധി അഴിമതി ആരോപണങ്ങളും പരാതികളുമാണ് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ കോഴ ആരോപണം നേരിടുന്ന ട്രാഫിക് ഉദ്യോഗസ്ഥന്റെ വീട് പരിശോധിക്കാനെത്തിയ അന്വേഷണം സംഘം ഞെട്ടിയ വാർത്ത പുറത്തു വന്നിരുന്നു. റെയ്ഡിനിടയിൽ കണ്ട കാഴ്ചകൾ ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. റഷ്യയിലാണ് സംഭവം. കേണൽ അലക്സി സഫോനോവ് എന്ന ഉദ്യോഗസ്ഥന്റെ വീട്ടിലായിരുന്നു റെയ്ഡ്. അലക്സിയുടെ അത്യാഡംബര ബംഗ്ലാവിന്റെ ഉള്ളിലെ കാഴ്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആഡംബരങ്ങൾ നിറഞ്ഞ മുറികൾ, ഡെക്കറേഷനുകൾ, ബില്യാർഡ് ഹാൾ എന്നിവയ്ക്ക് പുറമേ കൗതുകമാകുന്നത് സ്വര്‍ണത്താൽ തീർത്ത ശുചിമുറിയുടെ ചിത്രങ്ങളാണ്. സ്വർണത്തിന്റെ ക്ലോസറ്റും സിങ്കും അടങ്ങുന്നതാണ് ശുചിമുറി. രണ്ട് കോടിയോളം വില വരുന്ന വസ്തുക്കളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്.