നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഹിസ്‌ബുല്ല റദ്‌വാൻ യൂണിറ്റ് തലവൻ ഇബ്രാഹിം അഖിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
ലെബനനിൽ ഇസ്രയേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല കമ്മാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിലാണ് സംഭവം. ഹിസ്ബുല്ലയുടെ റദ്‌വാൻ യൂണിറ്റ് തലവൻ ഇബ്രാഹിം അഖിലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്നും 17 പേർക്ക് പരിക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ലയുടെ സൈനിക ഓപ്പറേഷനുകളുടെ തലവനാണ് അഖിൽ എന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വടക്കൻ ഇസ്രായേലിനെ ആക്രമിക്കുന്നതെന്നും ഇസ്രായേൽ ആരോപിച്ചു. ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുല്ലയുമായി അടുത്ത ബന്ധമുള്ളയാളാണ് കൊല്ലപ്പെട്ട ഇബ്രാഹിം അഖിൽ.
ഇബ്രാഹിം അഖിൽ 1980കളിലാണ് ഹിസ്ബുല്ലയുടെ ഭാഗമാകുന്നത്. രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങൾക്ക് ഇബ്രാഹിം അഖിലായിരുന്നു നേതൃത്വം നൽകിയിരുന്നത്. വിവിധ രാജ്യങ്ങളിൽ നടന്ന ആക്രമണങ്ങളിൽ അഖിലിന് പങ്കുള്ളതായും ഇസ്രായേൽ ആരോപിക്കുന്നു. ഇസ്രായേലിൽ ആക്രമണം നടത്താനുള്ള ചുമതലയുള്ള റദ്‍വാൻ ഫോഴ്സിന്റെ കമാൻഡറും അഖിലാണെന്നുമാണ് ഇസ്രായേലിൻ്റെ വാദം. ഇദ്ദേഹം. അതിനാൽ തന്നെ അഖിലിന്റെ മരണം ഹിസ്ബുല്ലക്ക് വലിയ തിരിച്ചടിയാണ്.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ബെയ്റൂട്ടിൽ ഇത് മൂന്നാം തവണയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഗാസയിൽ നിന്ന് ഇസ്രയേലിൻ്റെ ആക്രമണം ലെബനനിലേക്ക് മാറിയിട്ടുണ്ട്. ജൂലൈയിൽ ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ ഹിസ്ബുല്ലയുടെ കമ്മാൻഡർ ഫൗദ് ഷുഖ്ർ-നെ കൊലപ്പെടുത്തിയിരുന്നു. അതിന് മുൻപ് ജനുവരിയിൽ നടത്തിയ ആക്രമണത്തിൽ ഹമാസിൻ്റെ നേതാവ് സലേ അൽ അരൂരിയാണ് ഇവിടെ വച്ച് കൊല്ലപ്പെട്ടത്.