നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഹര്‍മ്മന്‍ പൊരുതിയിട്ടും ഒമ്പത് റണ്‍സ് അകലെ ഇന്ത്യന്‍ വനിതകള്‍ വീണു; സെമി സാധ്യത മങ്ങി
വെറും ഒമ്പത് റണ്‍സുകള്‍ക്ക് അകലെ പ്രതീക്ഷകള്‍ കൈവിടേണ്ടി വന്ന മത്സരം. വനിത ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യക്ക് തോല്‍വി. മത്സരം വിജയിച്ച് എട്ടുപോയിന്റുമായി ഓസ്‌ട്രേലിയ സെമിയില്‍ പ്രവേശിച്ചു. ഇന്ത്യയെ ഒമ്പത് റണ്‍സിനാണ് ഓസീസ് വനിതകള്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റേന്തിയ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്ക് നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റും നഷ്ടപ്പെടുത്തി 142 റണ്‍സ് മാത്രമാണ് എടുക്കാനായുള്ളു. ഈ പരാജയത്തോടെ ഇന്ത്യക്ക് സെമി പ്രവേശനത്തിനായി ന്യൂസിലന്‍ഡ്-പാകിസ്താന്‍ മത്സരഫലം കാത്തിരിക്കേണ്ടതുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുള്ള ഇന്ത്യ ഗ്രൂപ്പ് എ യില്‍ നിലവില്‍ രണ്ടാമതാണ്.
ഓസ്‌ട്രേലിയയുടെ 152 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ സര്‍വ്വം സജ്ജമായിട്ടായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിര. എന്നാല്‍ നാലാമത്തെ ഓവറില്‍ തന്നെ ഷഫാലി വര്‍മ പുറത്തായി. 13 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും അടക്കം 20 റണ്‍സുമായാണ് അവര്‍ക്ക് മടങ്ങേണ്ടി വന്നത്. ഷഫാലി വര്‍മ്മക്ക് പിന്നാലെ എത്തിയ സ്മൃതി മന്ദാന ആറ് റണ്‍സും ജെമീമ റോഡ്രിഗസ പതിനാറ് റണ്‍സുമാണ് എടുത്തത്. ഇരുവരും പുറത്തായതോടെ നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മയുമാണ് ഇന്ത്യന്‍ സ്‌കോറുയര്‍ത്തിയത്. റിച്ച ഘോഷ് ഒരു റണ്ണും പൂജ വസ്ത്രാക്കര്‍ ഒമ്പത് റണ്‍സുമാണ് എടുത്തത്. ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍ അര്‍ധസെഞ്ച്വറിയുമായി പോരാടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.