നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സ്വന്തം റിവോള്‍വറില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ത്തു; നടന്‍ ഗോവിന്ദയ്ക്ക് പരിക്ക്
മുംബൈ: സ്വന്തം റിവോള്‍വറില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ നടനും ശിവസേന നേതാവുമായ ഗോവിന്ദയുടെ കാലിന് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.45-ഓടെയാണ് സംഭവം. പുറത്തേക്ക് ഇറങ്ങാനൊരുങ്ങുമ്പോള്‍ റിവോള്‍വര്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുതിര്‍ന്നത്.
കാല്‍മുട്ടിന് പരിക്കേറ്റ് ഗോവിന്ദയെ മുംബൈ ക്രിട്ടിക് കെയര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാവിലത്തെ വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പോകാനിരിക്കെയാണ് അപകടം. 5.15-ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപകടനിലതരണംചെയ്തുവെന്നാണ് വിവരം. ബുള്ളറ്റ് ശരീരത്തില്‍നിന്ന് പുറത്തെടുത്തുവെന്ന് നടന്റെ മാനേജര്‍ ശശി സിന്‍ഹ അറിയിച്ചു.
കൂലി നമ്പര്‍ വണ്‍, ഹസീന മാന്‍ ജായേഗി, സ്വര്‍ഗ്, സാജന്‍ ചലേ സസുരാല്‍, രാജാ ബാബു, രാജാജി, പാര്‍ട്ണര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമകള്‍. 2019-ല്‍ പുറത്തിറങ്ങിയ രംഗീല രാജ സാമ്പത്തികമായി പരാജയമായിരുന്നു. ഇത്തേത്തുടര്‍ന്ന് അഭിനയത്തില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു അദ്ദേഹം.