നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സ്പെഷ്യൽ ക്ലാസ് നൽകാമെന്ന് പറഞ്ഞ് വിളിച്ചു, സഹോദരിമാരോട് ലൈംഗികാതിക്രമം; കോച്ചിംഗ് സെന്‍റർ അധ്യാപകൻ അറസ്റ്റിൽ
ഭോപ്പാൽ: സഹോദരിമാരെ ബലാത്സംഗം ചെയ്ത കേസിൽ കോച്ചിംഗ് സെന്‍ററിലെ അധ്യാപകൻ അറസ്റ്റിൽ. കോച്ചിംഗ് സെന്‍ററിൽ വെച്ചാണ് ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. വീരേന്ദ്ര ത്രിപാഠി എന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
അധിക ക്ലാസുകൾ നൽകാമെന്ന് പറഞ്ഞാണ് അധ്യാപകൻ കുട്ടികളെ രണ്ട് സമയത്തായി വിളിച്ചു വരുത്തിയത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോടാണ് ആദ്യം അതിക്രമം കാണിച്ചത്. പിന്നീട് മൂത്ത സഹോദരിയെയും പീഡിപ്പിച്ചു. ഭോപ്പാലിലെ ചോല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
മാനസികമായി തകർന്ന പെണ്‍കുട്ടികൾ ശനിയാഴ്ച വൈകുന്നേരമാണ് നടന്നത് കുടുംബത്തോട് വെളിപ്പെടുത്തിയത്. കുടുംബം ഉടൻ തന്നെ ചോല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സഹോദരിമാരെ ഉടൻ മെഡിക്കൽ പരിശോധനയ്ക്ക് അയച്ചു.
പിന്നാലെ അധ്യാപകൻ ഒളിവിൽപ്പോയി. പക്ഷേ പൊലീസ് അന്വേഷിച്ച് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. മറ്റ് പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവരം ലഭിക്കുന്നവർ അറിയിക്കാൻ പൊലീസ് അഭ്യർത്ഥിച്ചു. പോക്‌സോ നിയമം ഉൾപ്പെടെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്.