നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിച്ച യുവതിയെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു, കൊള്ളയടിച്ചു
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സൈനിക ഉദ്യോഗസ്ഥരെയും വനിതാ സുഹൃത്തുക്കളെയും ക്രൂരമായി ആക്രമിച്ചു. ഉദ്യോഗസ്ഥരെ കൊള്ളയടിക്കുകയും ഒപ്പം സഞ്ചരിച്ച യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്തു. മ്ഹൗ സൈനിക കോളജില്‍ പരിശീലനം നടത്തുന്ന ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഛോട്ടി ജാമിനു സമീപത്തെ ഫയറിങ് റേഞ്ചില്‍ വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു. തോക്ക്, കത്തി, വടി തുടങ്ങിയ ആയുധങ്ങളുമായി ആറംഗസംഘം ഇവരുടെ കാറിനെ വളഞ്ഞു. ഉദ്യോഗസ്ഥരെയും സുഹൃത്തുക്കളെയും ആക്രമിക്കുകയും ചെയ്തു.
ഇവരുടെ പേഴ്‌സും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അക്രമികള്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ശേഷം ഒരു ഉദ്യോഗസ്ഥനെയും സ്ത്രീയെയും ബന്ദികളാക്കുകയും മോചനത്തിനായി 10 ലക്ഷം രൂപ കൊണ്ട് വരണമെന്ന് പറഞ്ഞ് മറ്റ് രണ്ടുപേരെയും വിട്ടയക്കുകയും ചെയ്തു. അക്രമികള്‍ വിട്ടയച്ച ഉദ്യോഗസ്ഥന്‍ സംഭവത്തെക്കുറിച്ച് തന്റെ കമാന്‍ഡിംഗ് ഓഫീസറെ അറിയിച്ചു, തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. പൊലീസ് എത്തിയതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു.
അതിക്രമത്തിനിരയായ നാല് പേരെയും മ്ഹൗ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ രണ്ട് പേരെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമൂഹത്തെ മുഴുവന്‍ ലജ്ജിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം ഏതാണ്ട് പൂര്‍ണമായും ഇല്ലാതായ്രിക്കുന്നുവെന്നും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിക്കുന്നതിനോട് ബിജെപി സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം അത്യന്തം ആശങ്കാജനകമാണെന്നും റായ്ബറേലി എംപി കൂടിയായ രാഹുല്‍ എക്‌സില്‍ കുറിച്ചു.