നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സീറ്റ് തരാം; മത്സരിച്ചാൽ വിജയമുറപ്പ്, മറുപടിക്കായി കാത്തിരിക്കുന്നു’: ബിഷ്ണോയിക്ക് ജയിലിലേക്ക് കത്ത്
മുംബൈ ∙ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിക്കു നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‍ദാനം ചെയ്ത് ഉത്തർ ഭാരതീയ വികാസ് സേന. മുംബൈയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മകളിൽ ഒന്നാണിത്. ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ബിഷ്ണോയിക്കു പാർട്ടിയുടെ ദേശീയ അധ്യക്ഷൻ സുനിൽ ശുക്ല കത്തയച്ചു. മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും മറുപടിക്കായി ഭാരതീയ വികാസ് സേന കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
ബിഷ്ണോയി സമ്മതിച്ചാലുടൻ 50 പേർ ഉൾപ്പെടുന്ന സ്ഥാനാർഥിപ്പട്ടിക പാർട്ടി പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബിഷ്ണോയിയെ ഭഗത് സിങ്ങിനോടാണ് കത്തിൽ ഉപമിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലാത്ത പാർട്ടിയുടെ കത്ത് വാർത്താപ്രാധാന്യം കിട്ടാനുള്ള നാടകമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ വധവുമായി ബന്ധപ്പെട്ട് ബിഷ്ണോയി സംഘത്തിലെ 10 പേർ ഇതിനകം പിടിയിലായി.
ബിഷ്ണോയിയെ വധിക്കുന്ന പൊലീസുകാർക്ക് 1,11,11,111 രൂപ വാഗ്ദാനം ചെയ്ത് രാജസ്ഥാൻ ആസ്ഥാനമായുള്ള ക്ഷത്രിയ കർണിസേന രംഗത്തെത്തി. കൊലപ്പെടുത്തുന്ന പൊലീസുകാരുടെ കുടുംബത്തിനു സംരക്ഷണം ഒരുക്കുന്നതിനാണു തുകയെന്നാണ് അവർ വ്യക്തമാക്കിയത്. കർണിസേനയുടെ നേതാവ് സുഖ്ദേവ് സിങ്ങിനെ കഴിഞ്ഞവർഷം ബിഷ്ണോയി സംഘം കൊലപ്പെടുത്തിയിരുന്നു.