നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളെയും 'കെ-റീപ്' സോഫ്റ്റ്‌വെയറിലൂടെ ബന്ധിപ്പിക്കും- മന്ത്രി ആർ. ബിന്ദു.
തിരുവനന്തപുരം: കേരളത്തിൽ സർവകലാശാലകളെയും കോളേജുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്‌വെയർ സംവിധാനം മുഴുവൻ സർവകലാശാകളിലും ഉടൻ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തിരുവനന്തപുരത്ത് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ് കേരളയും സംയുക്തമായി നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ സർവകലാശാലകളിലെല്ലാം കംപ്യൂട്ടർ സേവനങ്ങളുണ്ടെങ്കിലും ഇവയെല്ലാം പരസ്പരബന്ധമില്ലാതെയാണ് നടക്കുന്നത്. ഇതെല്ലാം കെ-റീപ് വഴി ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതോടെ സർവകലാശാലകൾ, കോളേജുകൾ എന്നിവ ഒറ്റ കുടക്കീഴിലേക്ക് മാറും. കേരള റിസോഴ്‌സ് ഫോർ എജുക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിങ് (കെ റീപ്പ്) എന്ന പ്ലാറ്റ്‌ഫോമിനു കീഴിൽ എത്തുന്നതോടെ വിദ്യാർഥി പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ ഈ പോർട്ടൽ വഴി നടക്കും.
അസാപ് കേരളയുടെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റി ആൻഡ് കോളജ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പേരിൽ ഇതിനായി സോഫ്റ്റ് വെയർ വികസിപ്പിച്ചിട്ടുണ്ട്. നിലവിൽ കണ്ണൂർ സർവകലാശാല, കാലടി സംസ്‌കൃത സർവകലാശാല, തിരൂർ മലയാളം സർവകലാശാല എന്നിവിടങ്ങളിൽ ഇത് നടപ്പിലാക്കിയിട്ടുണ്ട്.