Monday, December 23, 2024 5:36 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Politics
  3. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതിവിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി
സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതിവിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി

Politics

സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതിവിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി

September 12, 2024/Politics

സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതിവിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം∙ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന നികുതിവിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 16-ാം ധനകാര്യ കമ്മിഷനു മുന്നില്‍ സംസ്ഥാനങ്ങള്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നികുതി വിഹിതം വിതരണം ചെയ്യുന്ന ഘട്ടത്തില്‍ സംസ്ഥാന താല്‍പര്യം പരിഗണിക്കാന്‍ ധനകാര്യ കമ്മിഷന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആളോഹരി വരുമാനം കുറവും ജനസംഖ്യ കൂടുതലുമുള്ള സംസ്ഥാനങ്ങളെയും ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ പാലിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കാനുള്ള നടപടിയുണ്ടാകണം. രണ്ടാമത്തെ വിഭാഗത്തില്‍പെട്ട സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ കുറവ് നികുതിവിഹിതമാണ് കിട്ടുന്നത്.

11–ാം ധനകാര്യ കമ്മിഷന്റെ കാലത്തു കേന്ദ്രത്തില്‍നിന്നു കേരളത്തിനു ലഭിച്ച നികുതി വിഹിതം 3.05 ശതമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ 15–ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിനു ലഭിക്കുന്നതു വെറും 1.92% മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനു ജനസംഖ്യാനുപാതികമായ നികുതിവിഹിതംപോലും നിഷേധിക്കുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വലിയ നേട്ടങ്ങള്‍ ലക്ഷ്യമിടുന്ന സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ പരിഗണന നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച ഫെഡറല്‍ നയങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് കോണ്‍ക്ലേവ് നടക്കുന്നതെന്നും പല സംസ്ഥാനങ്ങളും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിയമപോരാട്ടം നടത്തേണ്ട നിലയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാലാണ് അധ്യക്ഷത വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാര്‍ക്ക മല്ലു, പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ സിങ് ചീമ, തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസു, കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ധനകാര്യ വിദഗ്ധര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. ഉച്ചയ്ക്കുശേഷം ചര്‍ച്ചയില്‍ വിഷയ വിദഗ്ധരുടെ വലിയ നിര പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍, സംസ്ഥാന ആസൂത്രണ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ പ്രഫ. വി.കെ.രാമചന്ദ്രന്‍, മുന്‍ മന്ത്രി ടി.എം.തോമസ് ഐസക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ അഴിച്ചുപണിയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള വേദികളില്‍ പ്രധാനമാണ് ധനകാര്യ കമ്മിഷന്‍ എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. രാജ്യത്തെ പൊതുചെലവിന്റെ 62.4% സംസ്ഥാനങ്ങള്‍ വഹിക്കേണ്ടി വരുമ്പോള്‍ വരുമാനത്തിന്റെ 37.3% മാത്രമാണു സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്നത്. ഇത് സംസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടം വരുത്തുന്നു. സംസ്ഥാനങ്ങളുടെ യോജിച്ച നിലപാട് ഈ ഘട്ടത്തില്‍ അനിവാര്യമാണ്. ആശയരൂപീകരണമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യമെന്നു ധനമന്ത്രി പറഞ്ഞിരുന്നു. കേരളം സ്വന്തം നിലയ്ക്കു വരുമാനം വര്‍ധിപ്പിച്ചാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. സംസ്ഥാനത്തിന്റെ തനതു വരുമാനത്തില്‍ മൂന്നു വര്‍ഷത്തിനിടെ 30,000 കോടി രൂപയുടെ വര്‍ധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project