നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സംഭവം സെറ്റാണ്': പുഷ്പ 2 കാണാന്‍ രശ്മികയ്ക്കൊപ്പം വന്നവരെ കണ്ട് ആരാധകര്‍ അത് അങ്ങ് ഉറപ്പിച്ചു !
ഹൈദരാബാദ്: വിജയ് ദേവരകൊണ്ട രശ്മിക മന്ദനയുമായി പ്രണയത്തിലാണ് എന്നത് സിനിമ ലോകത്തെ ഒരു പരസ്യമായ രഹസ്യമാണ്. ഇതിന് ഒരു സ്ഥിരീകരണം കൂടി ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. രശ്മികയുടെ പുതിയ റിലീസ് പുഷ്പ 2: ദ റൂൾ വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പമാണ് രശ്മിക ഹൈദരാബാദില്‍ വച്ച് കണ്ടത്. വിജയ്‍യുടെ അമ്മ ദേവരകൊണ്ട മാധവിയും സഹോദരൻ ആനന്ദ് ദേവരകൊണ്ടയും ഒപ്പമുള്ള രശ്മികയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്.
അടുത്തിടെ പുഷ്പ 2യുടെ പ്രമോഷന് എത്തിയ രശ്മിക വിജയ് ദേവരകൊണ്ടയുടെ വസ്ത്ര ബ്രാൻഡായ RWDY യുടെ മെറൂൺ ഷർട്ട് ധരിച്ച് എത്തിയതും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇത് അവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.
അടുത്തിടെ വിജയ് ദേവരകൊണ്ട ബന്ധത്തെക്കുറിച്ച് രശ്മിക സൂചന നല്‍കിയ വീഡിയോ വൈറലായിരുന്നു. പുഷ്പ 2വിലെ കിസ്സിക്ക് സോങ്ങിന്റെ ലോഞ്ചിനിടെ ആയിരുന്നു രശ്മികയുടെ പ്രതികരണം. റിലേഷൻഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇൻസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തുനിന്നുള്ള ആളാണോ ലൗവ്വർ എന്ന ചോദ്യത്തിന്, 'എല്ലാർക്കും തെരിഞ്ച വിഷയം താ', എന്നാണ് രശ്മിക മറുപടി നൽകിയത്. ഈ ഉത്തരമാണ് നിങ്ങൾക്ക് വേണ്ടതെന്ന് എനിക്ക് അറിയാമെന്നും പൊട്ടിച്ചിരിച്ച് കൊണ്ട് രശ്മിക പറയുന്നുമുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയ് താൻ സിങ്കിള്‍ അല്ലെന്ന് സമ്മതിച്ചിരുന്നു. തന്‍റെ പങ്കാളിയുടെ പേര് പറയാതെ, താൻ ഒരു ബന്ധത്തിലാണെന്നും താരം സ്ഥിരീകരിച്ചിരുന്നു. അതേസമയം, വിജയ് ദേവരകൊണ്ട ഇപ്പോൾ വിഡി 12 ഷൂട്ടിംഗ് തിരക്കിലാണ്.
അല്ലു അര്‍ജുന്‍റെ നായികയായി എത്തിയ രശ്മികയുടെ പുഷ്പ 2 ഡിസംബർ 5നാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രം ഇന്ത്യയിലെ ഓള്‍ ടൈം ഫസ്റ്റ് ഡേ ഓപ്പണിംഗാണ് നേടിയത്.