നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വിമാനത്തില്‍ വീല്‍ചെയറുകള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തു; 420 കോടി പിഴ ചുമത്തി യു.എസ്.
ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തില്ലെന്നും എല്ലാ വിമാനങ്ങളിലും കൃത്യമായ മോണിറ്ററിങ് ഉണ്ടാവുമെന്നും യു.എസ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി പീറ്റ് ബട്ടിഗെഗ് പറഞ്ഞു.
വിമാനയാത്രയില്‍ അംഗപരിമിതരുടെ വീല്‍ചെയറുകള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് എയര്‍ലൈന്‍ കമ്പനിക്ക് 420 കോടി രൂപ പിഴ ചുമത്തി യു.എസ്. സര്‍ക്കാര്‍. നിരന്തരമായി ലഭിച്ച പരാതികളുടെ അടിസ്ഥനത്തില്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (ഡി.ഒ.ടി) നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന് സര്‍ക്കാര്‍ ഭീമന്‍ തുക പിഴ ചുമത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ആയിരക്കണക്കിന് വീല്‍ചെയറുകളാണ് ഇവരുടെ അശ്രദ്ധമായ കൈകാര്യം ചെയ്യലിലൂടെ നശിച്ചത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.2019-2023 കാലയളവിലെ പരാതികളിലാണ് ഡി.ഒ.ടി അന്വേഷണം നടത്തിയത്. പാരലൈസ്ഡ് വെറ്റേരന്‍സ് ഓഫ് അമേരിക്ക എന്ന യൂട്യൂബ് ചാനലില്‍ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ വന്നിരുന്നു. അത് വൈറലായതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ യു.എസ്. സര്‍ക്കാര്‍ ഉത്തരവിട്ടത്. കണക്കില്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സാണ് മുന്നില്‍, 11,100 വീല്‍ചെയറുകളും മൊബിലിറ്റി സ്‌കൂട്ടറുകളുമാണ് അവര്‍ നശിപ്പിച്ചത്. 10,760 എണ്ണവുമായി അമേരിക്കന്‍ എയര്‍ലൈന്‍സ് രണ്ടാം സ്ഥാനത്താണ്.
മറ്റ് വിമാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിപ്പം കുറവാണെങ്കിലും സ്പിരിറ്റ് എയര്‍ലൈന്‍സും നശീകരണ കണക്കില്‍ തൊട്ടുപിന്നിലുണ്ട്. ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തില്ലെന്നും എല്ലാ വിമാനങ്ങളിലും കൃത്യമായ മോണിറ്ററിങ് ഉണ്ടാവുമെന്നും യു.എസ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി പീറ്റ് ബട്ടിഗെഗ് പറഞ്ഞു. അംഗപരിമിതര്‍ക്കും സുഗമമവും സന്തോഷകരവുമായ ആകാശയാത്രകള്‍ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പീറ്റ് മാധ്യമങ്ങളോട് പറഞ്ഞു.