നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വിജയ്‌യുടെ രാഷ്ട്രീയ പൊതുയോഗം വൻ വിജയം’; പ്രതികരണവുമായി രജനികാന്ത്
നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ അജിനികാന്ത് അടുത്തിടെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരുന്നു. പൊതുജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നതിനൊപ്പം വിജയ് യുടെ പൊതുയോഗത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
“വിജയ്‌യുടെ രാഷ്ട്രീയ പൊതുയോഗം വിജയകരമായി സംഘടിപ്പിച്ചു, എൻ്റെ ആശംസകൾ” എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ രംഗത്ത് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്ന സഹ കലാകാരന്മാർക്കുള്ള രജനികാന്തിൻ്റെ പ്രോത്സാഹനവും പിന്തുണയും ഈ അംഗീകാരം എടുത്തുകാണിക്കുന്നു.
ദളപതി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. തമിഴ്‌നാട് വില്ലുപുരത്ത് നടന്ന പൊതുസമ്മേളനത്തിൽ എട്ടുലക്ഷത്തോളം ആളുകൾ പങ്കെടുത്തതായാണ് റിപ്പോർട്ട്.
ദീപാവലി ദിനത്തിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രജനികാന്ത്. രാഷ്ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാൻ മടിച്ചിരുന്ന രജനികാന്ത് വിജയ്‌യുടെ പൊതുസമ്മേളനം വൻ വിജയമായിരുന്നെന്നും അദ്ദേഹത്തിന് താൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു പറഞ്ഞത്. രജനിയുടെ പ്രതികരണത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഒക്ടോബർ 27 നായിരുന്നു വിജയ് തന്റെ ആദ്യത്തെ പൊതുസമ്മേളനം നടത്തിയത്. തന്റെ രാഷ്ട്രീയ പാർട്ടിയുടെ നയം പ്രഖ്യാപിച്ച വിജയ് ഡിഎംകെയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. 2026 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.
നേരത്തെ വിജയ്‌യുടെ പാർട്ടിയുടെ പൊതുസമ്മേളനത്തിന് ആശംസകളുമായി നിരവധി സിനിമാ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. നടന്മാരായ സൂര്യ, വിജയ് സേതുപതി, ശിവകാർത്തികേയൻ, കമൽ ഹാസൻ, സംവിധായകരായ വെങ്കട്ട് പ്രഭു, കാർത്തിക് സുബ്ബരാജ് തുടങ്ങിയവരായിരുന്നു ആശംസകളുമായി എത്തിയത്.