Monday, December 23, 2024 5:22 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Breaking
  3. വളര്‍ത്തുമൃഗങ്ങളില്‍ അപകടകാരികളായ പുതിയ വൈറസിന്‍റെ സാന്നിധ്യം, മനുഷ്യരിലേക്കും പകരാം; മുന്നറിയിപ്പ്
വളര്‍ത്തുമൃഗങ്ങളില്‍ അപകടകാരികളായ പുതിയ വൈറസിന്‍റെ സാന്നിധ്യം, മനുഷ്യരിലേക്കും പകരാം; മുന്നറിയിപ്പ്

Breaking

വളര്‍ത്തുമൃഗങ്ങളില്‍ അപകടകാരികളായ പുതിയ വൈറസിന്‍റെ സാന്നിധ്യം, മനുഷ്യരിലേക്കും പകരാം; മുന്നറിയിപ്പ്

September 8, 2024/breaking

രോമത്തിനു വേണ്ടിയോ, ഭക്ഷണ ആവശ്യങ്ങള്‍ക്കു വേണ്ടിയോ, ഔഷധ ആവശ്യങ്ങള്‍ക്കു വേണ്ടിയോ വളര്‍ത്തുന്ന മൃഗങ്ങളില്‍ നിരവധി അപകടകാരികളായ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതായി സയന്‍സ് ജേണലായ നേച്ചര്‍. ചൈനീസ് രോമ ഫാമുകളിലെ 461 മൃഗങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ 125 വ്യത്യസ്ത വൈറസുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഈ വൈറസുകള്‍ മനുഷ്യന്റെ ആരോഗ്യത്തിന് അപകടമാണെന്നും ഇത് പുതിയ പാന്‍ഡെമിക്കുകള്‍ക്ക് കാരണമായേക്കാമെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രോമങ്ങള്‍ക്കായി സാധാരണയായി വളര്‍ത്തുന്ന റാക്കൂണ്‍ നായ്ക്കള്‍, മിങ്ക്, കസ്തൂരിമാന്‍ എന്നിവ പോലുള്ള ഇനങ്ങളില്‍ നിരവധി വൈറസുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ചിലത് മനുഷ്യന്റെ ആരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
2021നും 2024നും ഇടയില്‍ ചൈനയിലുടനീളമുള്ള രോമ ഫാമുകളില്‍ രോഗം ബാധിച്ച് ചത്തതായി കണ്ടെത്തിയ 461 മൃഗങ്ങളില്‍ നിന്ന് ഗവേഷകര്‍ സാമ്പിളുകള്‍ ശേഖരിച്ചു. ഈ മൃഗങ്ങളില്‍ മിങ്കുകള്‍, റാക്കൂണ്‍ നായ്ക്കള്‍, കുറുക്കന്മാര്‍, ഗിനി പന്നികള്‍, മുയലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ മൃഗങ്ങളുടെ ശ്വാസകോശം, കുടല്‍, മറ്റ് അവയവങ്ങള്‍ എന്നിവയില്‍ നിന്നുള്ള ടിഷ്യൂകള്‍ സംഘം പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 125 വ്യത്യസ്ത വൈറസുകള്‍ കണ്ടെത്തി. ഈ വൈറസുകളില്‍ 39 എണ്ണം ഉയര്‍ന്ന അപകടസാധ്യതയുള്ളവയാണെന്നാണ് വിലയിരുത്തല്‍. കാരണം അവയ്ക്ക് മനുഷ്യര്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് ക്രോസ്-സ്പീഷീസ് ട്രാന്‍സ്മിഷന്‍ സാധ്യമാണെന്നാണ് വ്യക്തമാകുന്നത്. H1N2, H5N6, H6N2 എന്നിവയുള്‍പ്പെടെ നിരവധി ഇന്‍ഫ്‌ലുവന്‍സ എ വൈറസുകള്‍ ഗിനി പന്നികള്‍, മിങ്കുകള്‍, മസ്‌ക്രാറ്റുകള്‍ എന്നിവയില്‍ കണ്ടെത്തി.
അലാം ബെല്‍ വൈറസ്, പിപിസ്‌ട്രെല്ലസ് ബാറ്റ് എച്ച്കെയു5 പോലുള്ള വൈറസുകള്‍ രണ്ട് മിങ്കുകളില്‍ കണ്ടെത്തിയതാണ് ഏറ്റവും പ്രസക്തമായ കണ്ടെത്തലുകളില്‍ ഒന്നെന്ന് ഗവേഷകര്‍ പറയുന്നു. മുമ്പ് വവ്വാലുകളില്‍ മാത്രം കണ്ടെത്തിയ ഈ വൈറസ്, മനുഷ്യര്‍ക്ക് മാരകമായേക്കാവുന്ന മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (MERS) കൊറോണ വൈറസുമായി അടുത്ത ബന്ധമുള്ളതാണ്. മിങ്കില്‍ ഇത് കണ്ടെത്തിയത് ആശങ്കയ്ക്ക് കാരണമാകുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ചില വളര്‍ത്തുമൃഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ഇ, ജാപ്പനീസ് എന്‍സെഫലൈറ്റിസ് തുടങ്ങിയ അറിയപ്പെടുന്ന സൂനോട്ടിക് വൈറസുകളും പഠനം കണ്ടെത്തി. ഈ വൈറസുകള്‍ മുമ്പ് തന്നെ മനുഷ്യരിലേക്ക് പടര്‍ന്നു പടിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കും ഇടയിലും മനുഷ്യരില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളിലേക്കും വൈറസ് പകരാനുള്ള സാധ്യതയും ഗവേഷകര്‍ രേഖപ്പെടുത്തി. രോമങ്ങള്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ നിരീക്ഷണം വര്‍ദ്ധിപ്പിക്കണമെന്ന് ഹോംസും ഗവേഷണ സംഘവും ആവശ്യപ്പെട്ടിട്ടുണ്ട്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project