Monday, December 23, 2024 5:17 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. വയനാടൻ നേന്ത്രക്കായ്ക്ക് കഷ്ടകാലം; മലയാളിക്ക് ഓണമുണ്ണാൻ നേന്ത്രക്കായ് അയൽസംസ്ഥാനത്തുനിന്ന്
വയനാടൻ നേന്ത്രക്കായ്ക്ക് കഷ്ടകാലം; മലയാളിക്ക് ഓണമുണ്ണാൻ നേന്ത്രക്കായ് അയൽസംസ്ഥാനത്തുനിന്ന്

Local

വയനാടൻ നേന്ത്രക്കായ്ക്ക് കഷ്ടകാലം; മലയാളിക്ക് ഓണമുണ്ണാൻ നേന്ത്രക്കായ് അയൽസംസ്ഥാനത്തുനിന്ന്

September 12, 2024/Local

വയനാടൻ നേന്ത്രക്കായ്ക്ക് കഷ്ടകാലം; മലയാളിക്ക് ഓണമുണ്ണാൻ നേന്ത്രക്കായ് അയൽസംസ്ഥാനത്തുനിന്ന്

‘കാണം വിറ്റും ഓണം ഉണ്ണണം’' എന്നതാണ് ഓണസദ്യയെക്കുറിച്ചുള്ള പഴമൊഴി. സമ്പത്തു വിറ്റിട്ടായാലും ഓണ സദ്യ ഒരുക്കണമെന്നാണ് ഇതിനർഥം. ഓണസദ്യ ഒഴിച്ചുനിർത്താനാവാത്ത ആചാരം കൂടിയാണെന്നാണ് ഈ പഴമൊഴിയുടെ പിന്നിലെ രഹസ്യം. ഓണസദ്യ സവിശേഷമായ വിഭവങ്ങൾ കൊണ്ടു സമ്പന്നമാണ്.
എല്ലാത്തിനുമുപരി, പഴം നുറുക്കും കായ വറുത്തതും ശർക്കര വരട്ടിയും പഴം പായസവും ചേരുമ്പോഴേ സദ്യവട്ടത്തിന് മാധുര്യമേറൂ. ഇക്കുറി കാലവർഷക്കെടുതിയിൽ വാഴക്കൃഷിക്കു നാശമുണ്ടായെങ്കിലും ഓണത്തിനു വിലക്കയറ്റമുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നാണു വ്യാപാരികൾ പറയുന്നത്.

ഉൽപാദനം കാര്യമായി കുറഞ്ഞതോടെ വിപണിയിലെ ആദ്യ ഘട്ടത്തിൽ നേന്ത്രക്കായയ്ക്കു വില കൂടി. എന്നാൽ അയൽ സംസ്ഥാനങ്ങളിൽനിന്നു യഥേഷ്ടം നേന്ത്രക്കായ് എത്തിയതോടെ ആദ്യ ഘട്ടത്തിലെ വിലക്കയറ്റവും പ്രതിസന്ധിയും മാറി. കച്ചവടക്കാരനും വാങ്ങുന്നവർക്കും ന്യായമായ വിലയിൽ ഇക്കുറി നേന്ത്രക്കായ് വിപണിയിൽ ലഭ്യമാണ്. ഇന്നലെ മൊത്ത വിപണിയിൽ കിലോയ്ക്കു 40–42 രൂപയ്ക്കാണു നേന്ത്രക്കായ് വിറ്റത്. ഓണനാളിൽ വില ‘ഫിഫ്റ്റി’ അടിച്ചേക്കുമെങ്കിലും അതിനപ്പുറം പോവില്ലെന്നാണു വ്യാപാരികൾ പറയുന്നത്. അതിനാൽ ഓണമുണ്ണാൻ കായ വറുത്തതും പഴംനുറുക്കും ഒഴിവാക്കേണ്ട ഗതികേട് മലയാളികൾക്ക് ഇക്കുറിയും ഉണ്ടാവില്ല.

∙ അയൽക്കാരുടെ കൈപിടിച്ച്

പഴം പായസവും ശർക്കര വരട്ടിയും കായറവും പഴം പുഴുങ്ങിയതും പല സ്ഥലത്തും ഓണസദ്യയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളാണ്. മലയാളിക്കു പ്രിയപ്പെട്ട പഴ വിഭവങ്ങൾ ഒരുക്കാൻ ഇത്തവണയും അയൽ സംസ്ഥാനങ്ങളുടെ സഹായമുണ്ട്. അതിനാൽ ഓണ വിപണിയിൽ നേന്ത്രക്കായ വിൽപന ഉഷാറാണ്. പാലക്കാട് ജില്ലയിൽ മാത്രം 100 ടൺ നേന്ത്രക്കായയാണ് ഓണ വിപണിയിലേക്ക് എത്തിയിട്ടുള്ളത്. സംസ്ഥാനത്തേക്കാവശ്യമായ നേന്ത്രക്കായയുടെ ഭൂരിഭാഗവും എത്തുന്നതു തമിഴ്നാട്ടിൽനിന്നാണ്. തമിഴ്നാട്ടിലെ സിരുമുഖം, അവിനാശി, സേവൂർ, മേട്ടുപ്പാളയം, സത്യമംഗലം, പുളിയംപെട്ടി, കർണാടകയിലെ നഗരം തുടങ്ങിയ മേഖലയിൽനിന്നാണു പ്രധാനമായും കായ എത്തുന്നത്. വർഷത്തിൽ 10 മാസവും വാഴക്കൃഷി ചെയ്യുന്ന തമിഴ് ഗ്രാമങ്ങൾ ഒട്ടേറെയുണ്ട്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും തമിഴ്നാട് പഴം എത്തുന്നുണ്ട്. യഥേഷ്ടം തമിഴ്നാട് കായ എത്തുന്നതിനാൽ വിപണിയിൽ ക്ഷാമമില്ലെന്ന് കർഷകർ പറയുന്നു.

∙ നാടന്റെ മാധുര്യം ഇക്കുറിയില്ല

നാടൻ നേന്ത്രക്കായയ്ക്കു കടുത്ത ക്ഷാമമാണ്. നാടൻ നേന്ത്രപ്പഴത്തിന്റെ മാധുര്യം മറവിയിലേക്ക് എന്നു തന്നെ പറയാം. വിപണിയിൽ ആവശ്യമായതിന്റെ അഞ്ചു ശതമാനം പോലും നാടൻ കായ എത്തുന്നില്ല. ആകെ ഇപ്പോൾ വിപണിയിൽ നാടൻ കായ എത്തുന്നതു കരിമ്പ, കല്ലടിക്കോട് മേഖലയിൽനിന്നാണ്. ഇതും ആവശ്യത്തിന് ഇല്ല. വയനാട്, മണ്ണാർക്കാട് കായകൾ തീരെ എത്തിയില്ല. പാലക്കാടൻ നേന്ത്രക്കായയ്ക്ക് ആവശ്യക്കാരേറെയാണ്. പഴത്തിനായാലും കായവറവിനായാലും പാലക്കാടൻ നേന്ത്രനാണു വിപണിയിലെ താരം. വിദേശത്തേക്കു കയറ്റി അയയ്ക്കാവുന്ന പാലക്കാടൻ നേന്ത്രക്കായയ്ക്ക് ആവശ്യക്കാരേറെയാണ്.

കായ വറവിനും നാടൻ നേന്ത്രനു ഡിമാൻഡാണ്. കനവും രുചിയും ഉറപ്പാക്കാൻ നാടൻ കായകൾക്കു കഴിയുമെന്നാണു വ്യാപാരികൾ പറയുന്നത്. പാലക്കാട് ജില്ലയിൽ കോവിഡ് കാലത്തിനു മുൻപ് ഇപ്പോഴുള്ളതിന്റെ പത്തിരട്ടിയിലേറെ നേന്ത്രക്കൃഷി ഉണ്ടായിരുന്നെങ്കിലും പിന്നീട് തീരെക്കുറഞ്ഞു. ലാഭം കുറവ്, കാറ്റിലും മഴയിലും ഒടിഞ്ഞുള്ള നഷ്ടം, യഥാസമയം വിപണി ലഭിക്കാതിരിക്കൽ തുടങ്ങിയ വിവിധ കാരണങ്ങളാണു വാഴക്കൃഷിയെ ബാധിച്ചത്.

∙ ഉപ്പേരി വിപണിയും ഉഷാർ

ശർക്കര ഉപ്പേരിയും വരട്ടിും ഇല്ലാതെ ഓണ സദ്യ പൂർണമാവില്ല. ഇപ്പോൾ ഉപ്പേരി വിപണിയും സജീവമാകുകയാണ്. ഇപ്പോൾ കിലോ 320–350 രൂപയാണ് വില. ഓണം അടുക്കുമ്പോൾ വില ഉയരാൻ സാധ്യതയുണ്ട്. മിക്കവരും പാക്കറ്റ് ഉപ്പേരിയും പാക്കറ്റ് ശർക്കരവരട്ടിയുമാണ് വാങ്ങുന്നത്. ശുദ്ധമായ വെളിച്ചെണ്ണയിൽ തയാറാക്കിയതിനോടാണ് മലയാളിക്ക് താൽപര്യം. കായവറുത്തതിനും വിപണിയിൽ മുൻ വർഷത്തേക്കാൾ വിലയുണ്ട്.

വയനാടൻ നേന്ത്രക്കായ്ക്ക് കഷ്ടകാലം

ഓണക്കാലത്ത് ഏറെ ആവശ്യക്കാരുണ്ടായിരുന്ന വയനാടൻ നേന്ത്രക്കായയ്ക്ക് ഇത്തവണ കഷ്ടകാലം. കനത്ത മഴയിൽ കായയുടെ ഗുണനിലവാരം മോശമായതാണു വിലയിടിവിനു കാരണമായത്. കിലോയ്ക്ക് 22 രൂപയ്ക്കാണ് ഇപ്പോൾ കർഷകർ കായ വിൽക്കുന്നത്. സെക്കൻഡ് ക്വാളിറ്റിയിലാണു ഭൂരിഭാഗം കുലകളും കയറ്റി അയയ്ക്കുന്നത്. വറുക്കുന്നതിനും ഉപ്പേരി ഉണ്ടാക്കുന്നതിനും കറി വയ്ക്കുന്നതിനും ഏറ്റവും മികച്ചത് വയനാടൻ കായ ആയിരുന്നു. ഓണക്കാലമാകുമ്പോഴേക്കും ചുരുങ്ങിയത് 40 രൂപയെങ്കിലും ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഓണത്തിനു വില ലഭിക്കുമെന്നു പ്രതീക്ഷിച്ച കർഷകർ വലിയ തിരിച്ചടിയാണു നേരിട്ടത്.

ഓണക്കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വയനാട്ടിൽനിന്ന് നേന്ത്രക്കായ കയറ്റി അയയ്ക്കാറുണ്ടായിരുന്നു. കേരളത്തിന്റെ തെക്കൻ ജില്ലകളിൽ തമിഴ്നാട്ടിൽനിന്നുള്ള കായ വരാറുണ്ട്. തമിഴ്നാട് കായയ്ക്ക് വിലയും കുറവാണ്. ഗുണനിലവാരം കൂടുതലായതിനാൽ ഓണക്കാലത്ത് കൂടുതൽ ആളുകളും വാങ്ങുന്നത് വയനാടൻ കായ ആണ്. കർണാടകയിലും ഇപ്പോൾ വ്യാപകമായി വാഴക്കൃഷി ചെയ്യുന്നുണ്ട്. കർണാടകയിൽ മഴ ബാധിച്ചില്ല. അതിനാൽ ഇത്തവണ വയനാട്ടിലുണ്ടായതിനേക്കാൾ മികച്ച കായാണ് കർണാടകയിൽ. മലബാറിലെ മിക്ക സ്ഥലത്തേക്കും കർണാടകയിൽനിന്നുള്ള കായാണ് എത്തുന്നത്. നേന്ത്രപ്പഴത്തിന് ഇപ്പോൾ 50–60 രൂപയാണ് വില. വയനാട്ടിൽനിന്ന് സെക്കൻഡ് ക്വാളിറ്റിയായി എടുക്കുന്ന കായകളും പഴുത്താൽ ഈ വിലയ്ക്കാണ് വിൽക്കുന്നത്. കർണാടകയിലും മലയാളികളാണ് വാഴ കൃഷി ചെയ്യുന്നവരിൽ ഏറെയും. അവിടെ 30–35 രൂപയോളമാണ് കർഷകർക്ക് വില ലഭിക്കുന്നത്.

സദ്യവിളമ്പുമ്പോൾ ഇലയുടെ അറ്റത്ത് വറുത്തുപ്പേരിയും ശർക്കര ഉപ്പേരിയും ഇല്ലാതെ പൂർണമാകില്ല. വയനാടൻ കായയ്ക്കായിരുന്നു പ്രഥമ പരിഗണനയെങ്കിൽ ഇക്കൊല്ലം അതു മാറി.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project