നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങി, ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം.
വീട്ടില്‍ എലിശല്യം രൂക്ഷമായതിനാല്‍ എലിവിഷം വയ്ക്കാന്‍ ഗിരിധര്‍ സ്വകാര്യ കീടനിയന്ത്രണ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കുഴമ്പ് രൂപത്തിലും ഗുളിക രൂപത്തിലുമുള്ള എലിവിഷം വീട്ടിലാകെ വച്ച ശേഷം കമ്പനി അധികൃതര്‍ മടങ്ങി. വിഷം വയ്ക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കീടനിയന്ത്രണ കമ്പനിയില്‍ നിന്ന് പ്രത്യേകിച്ച് നിര്‍ദേശങ്ങള്‍ ഒന്നും നല്‍കിയതുമില്ല.
രാത്രി വീട്ടിലെത്തിയ ഗിരധറും കുടുംബവും എസി ഓണാക്കി കിടന്നുറങ്ങി. പുലര്‍ച്ചയോടെ ഗിരിധറിനും ഭാര്യക്കും രണ്ട് മക്കള്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറു വയസ്സുകാരി പവിത്രയും ഒരുവയസ്സുള്ള സായികൃഷ്ണയും മരിച്ചു. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം.
ഗിരിധറും ഭാര്യയും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുണ്ട്രത്തൂര്‍ പൊലീസ് സ്വകാര്യ കീടനാശിനി കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. മതിയായ നിര്‍ദേശങ്ങള്‍ നല്‍കാതെ എലിവിഷം വച്ച് മടങ്ങിയതിനാണ് കേസ്. കമ്പനി മാനേജര്‍ ഉള്‍പ്പടെ മൂന്ന് പേരെ ചോദ്യം ചെയ്യും