നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
റിക്ലെയിനർ സീറ്റിൽ പുതപ്പിൽ ഒളിപ്പിച്ച ക്യാമറ, സിനിമ വ്യാജപതിപ്പുകൾക്ക് പിന്നിലെ തന്ത്രങ്ങൾ
വൻ കളക്ഷൻ നേടുന്ന സിനിമകൾ പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും വ്യാജപതിപ്പുകൾ ഇറങ്ങുന്നത് ഇപ്പോൾ സ്ഥിരം സംഭവമാവുകയാണ്. വളരെ ഈസിയായി മൊബൈലിൽ നമ്മൾ കാണുന്ന സിനിമകൾ തീയറ്ററിൽ നിന്ന് പകർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ?.
ഏറ്റവും മികച്ച തിയറ്റുകൾ തന്നെ തെരഞ്ഞെടുത്ത് റിക്ലെയിനർ സീറ്റുകൾ ഉള്ള മാളുകളിലാണ് സംഘാംഗങ്ങൾ സിനിമ ചിത്രീകരിക്കുക. കിടക്കാവുന്ന സീറ്റുകളുളള തിയറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. റിലീസ് ദിവസം തന്നെ സിനിമകൾ തിയറ്ററിൽ നിന്ന് പകർത്തുന്നതാണ് ഇവരുടെ രീതി. പുതപ്പിൽ ക്യാമറയും മൈക്കും ഒളിച്ചുവെച്ചാണ് സിനിമ പകർത്തുന്നത്. അഞ്ചാംഗസംഘമാണ് തിയറ്ററിൽ ഇതിനായി ഒന്നിച്ച് എത്തുന്നത്. മധ്യനിരയിലെ സീറ്റുകളാണ് ഒരുമിച്ച് ബുക്ക് ചെയ്യുക. തൊട്ടടുത്ത സീറ്റുകളിലായി ഇരിക്കും, അതിൽ ഒരാൾ സിനിമ പകർത്തും മറ്റുള്ളവർ ഇയാൾക്ക് സംരക്ഷണം നൽകുന്നതുമാണ് പതിവ്.
ഇത്തരത്തിൽ 32 പുത്തൻ സിനിമകളുടെ വ്യാജ പതിപ്പാണ് സംഘം പ്രചരിപ്പിച്ചത്. അതിനായി ഉപയോഗിച്ചതോ ഐഫോൺ 14. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലേക്കും ഇക്കൂട്ടർ സബ്‌ടൈറ്റിൽ തയ്യാറാക്കി ചിത്രം സൈറ്റിലേക്ക് നൽകും. പ്രതിഫലമായി ഇവർക്ക് ലഭിക്കുന്നത് ഒരു ലക്ഷം രൂപ. തമിഴ്നാട്ടിലെയും ബംഗളൂരു പട്ടണത്തിലേയും തിയറ്ററുകളാണ് റെക്കോർഡ് ചെയ്യാൻ തെരഞ്ഞെടുക്കുന്നത്. കോവിഡ് ആരംഭിച്ചതിന് പിന്നാലെയാണ് പൈറേറ്റഡ് കണ്ടന്റുകളുടെ ഡിമാന്‍ഡ് കൂടിയത്. ഇന്ത്യയ്ക്ക് പുറത്തും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ കാന്‍വാസില്‍ എത്തിയ ടോവിനോതോമസിന്റെ കരിയറിലെ 50-ാം ചിത്രമായിരുന്നു അജയന്റെ രണ്ടാം മോഷണം. ചിത്രത്തിൽ ടൊവിനോ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് എത്തിയിരിക്കുന്നത്. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 നാണ് തീയറ്ററുകളിലെത്തിയത്. എന്നാൽ പിന്നാലെ ചിത്രത്തിന്റെ തീയറ്റർ പതിപ്പ് പുറത്തിറങ്ങി. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ശേഷമാണ് വിവരം പുറത്തറിയുന്നത്. തമിഴ് MVഎന്ന ടെലഗ്രാം ഐഡി വഴിയാണ് സിനിമ പ്രചരിപ്പിച്ചത്. പിന്നീട് സൈബർ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.