നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കും’; പാലക്കാട് DMK സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ
പാലക്കാട് സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി അൻവർ. ഡിഎംകെ സ്ഥാനാർഥി എം എ മിൻഹാജിനെ പിൻവലിച്ചു കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത്. ചേലക്കരയിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും പി വി അൻവർ പ്രഖ്യാപിച്ചു.
രാഹുലിനെ ഉപാധിയില്ലാതെ പിന്തുണക്കും. നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല ഈ തീരുമാനം. വർഗീയ ഫാസിസത്തിന് അനുകൂലമായി ഒരു ജനൽ പാളി പോലും തുറക്കരുത് എന്നാണ് ആഗ്രഹം. അതാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്നത്. നേരിട്ട അപമാനം എല്ലാം വ്യക്തിപരമായി സഹിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
പാലക്കാട്ടെ കോൺഗ്രസിലെ സ്ഥിതി സ്ഫോടനാത്മകമാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയെ പാർട്ടിയിലെ 50% പേർ പിന്തുണക്കുന്നില്ല. എൽഡിഎഫിലേക്ക് വന്ന പി. സരിനും വോട്ട് ലഭിക്കില്ല. സരിന് കോൺഗ്രസിൽ സീറ്റ് നിഷേധിച്ചവർക്ക് മറുപടി കൊടുക്കുകയാണ് സരിനെ സ്ഥാനാർഥിയാക്കിയവരുടെ ലക്ഷ്യം.
അതിന് രാഹുലിനെ തോൽപ്പിക്കണം. അവരുടെ വോട്ട് രാഹുലിനെ തോൽപ്പിക്കാൻ വേണ്ടി ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പിൻവലിക്കും എന്ന കാര്യത്തിൽ നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത് അൻവറിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കമാണ്. ബിജെപി- സിപിഎം വിരുദ്ധ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുന്നതിനാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്.
വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച അൻവർ ചേലക്കരയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ല. എൻ കെ സുധീറിനെ ചേലക്കരയിൽ
മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കും.
പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അൻവർ രൂക്ഷമായി വിമർശിച്ചു.