നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
രാജ്യത്തെ ഇരുചക്ര വാഹന വിൽപ്പന 10 ദശലക്ഷം കവിഞ്ഞു, ഇത്രയും വിൽപ്പന വേഗത ആറുവർഷത്തിന് ശേഷം
നടപ്പ് സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ ഇന്ത്യയിലെ ഇരുചക്ര വാഹന വിൽപ്പന മികച്ച നിലയിലാണെന്ന് റിപ്പോര്‍ട്ട്. 2024 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മൊത്തം 1,01,64,980 ഇരുചക്ര വാഹനങ്ങൾ രാജ്യത്ത് വിറ്റു എന്ന് ഓട്ടോ കാർ പ്രൊഫഷണൽ റിപ്പോര്‍ട്ട് ചെയ്യുന്നു. മോട്ടോർസൈക്കിളുകൾ, സ്‍കൂട്ടറുകൾ, മോപ്പഡുകൾ എന്നിവയുടെ മൊത്തവിൽപ്പന ഈ കാലയളവിൽ 16 ശതമാനം വർധിച്ചു.
ഒരു സാമ്പത്തിക വർഷത്തിന്‍റെ ആദ്യപകുതി പിന്നിടുമ്പോൾ തന്നെ ഇത്തരമൊരു നേട്ടം ഇന്ത്യൻ വാഹന വിപണി സ്വന്തമാക്കുന്നത് ആറ് വർഷങ്ങൾക്ക് ശേഷമാണ്. 2019 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിലായിരുന്നു ഇതിനുമുമ്പ് 10 ദശലക്ഷം യൂണിറ്റ് വിൽപ്പന കടന്നത്. 2019 സാമ്പത്തിക വർഷത്തിലെ 1,15,68,498 യൂണിറ്റിലാണ് അവസാനമായി ഇത്രയും വലിയ സംഖ്യ കൈവരിച്ചത്. ആ സാമ്പത്തിക വർഷത്തിലെ മൊത്തവ്യാപാരം 21 ദശലക്ഷം യൂണിറ്റ് ഇരുചക്രവാഹനങ്ങളായിരുന്നു.
2019 സാമ്പത്തിക വർഷത്തിലെ മൊത്തം വിൽപ്പനയുടെ 48 ശതമാനവും 2024ലെ മൊത്തം വിൽപ്പനയുടെ 56 ശതമാനവും 2024-25 സാമ്പത്തിക വർഷത്തിന്‍റെ ഈ ആദ്യ പകുതിയിൽ തന്നെ നടന്നുകഴിഞ്ഞു. എങ്കിലും ഈ സാമ്പത്തിക വാർഷത്തിലെ ഇരുചക്ര വാഹനങ്ങളുടെ മൊത്തവ്യാപാരം ഇനിയും ഉയരുമോ എന്നറിയാൻ ആറുമാസം കൂടി കാത്തിരിക്കണം.
ഇരുചക്ര വാഹന വിപണിയിലെ മൂന്ന് ഉപവിഭാഗങ്ങളും ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി. മോട്ടോർ സൈക്കിളുകൾ 16.31%, സ്‍കൂട്ടറുകൾ 22%, മോപ്പഡുകൾ 16.55 ശതമാനം എന്നിങ്ങനെ വർധിച്ചു. ഹീറോയും ഹോണ്ടയും തമ്മിലുള്ള വിൽപ്പനയിലെ അന്തരം ഒരു വർഷം മുമ്പുണ്ടായിരുന്ന 475,126 യൂണിറ്റിൽ നിന്ന് 59,247 യൂണിറ്റായി കുറഞ്ഞു.
ഒന്നാം നമ്പർ വിൽപ്പനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടവും ശ്രദ്ധേയമാണ്. 2.94 ദശലക്ഷം യൂണിറ്റുകളുള്ള ഹീറോ മോട്ടോകോർപ്പ് 10% വാർഷിക വളർച്ച രേഖപ്പെടുത്തുകയും 28.92% ഇരുചക്രവാഹന വിപണി വിഹിതം നേടുകയും ചെയ്തപ്പോൾ 2.88 ദശലക്ഷം യൂണിറ്റുകളുള്ള ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 31% വാർഷിക വർധനയും 28.34 ശതമാനം വിപണി വിഹിതവും നേടി.
ഒരിക്കൽ പങ്കാളികളും ഇപ്പോൾ പ്രധാന എതിരാളികളുമായ ഈ രണ്ടു കമ്പനികളും തമ്മിലുള്ള വിൽപ്പനയിലെ അന്തരം ഗണ്യമായി കുറഞ്ഞു. 2024 ഏപ്രിൽ-സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം 59,247 മൊത്തവ്യാപാര യൂണിറ്റുകളാണ്. ഒരു വർഷം മുമ്പ്, അത് 475,126 യൂണിറ്റായിരുന്നു. ഹീറോ മോട്ടോകോർപ്പിന് ഇരുചക്രവാഹന വിപണി വിഹിതം 33 ശതമാനവും ഹോണ്ടയ്ക്ക് 25 ശതമാനവും ആയിരുന്നു.
രാജ്യത്തെ മികച്ച ആറ് ടൂവീലർ നിർമ്മാതാക്കളും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ഈ സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം നടത്തിയത് ഹോണ്ടയാണ്. 675,355 സ്‌കൂട്ടറുകളും ബൈക്കുകളുമാണ് ഹോണ്ട വിറ്റത്. ഹീറോ മോട്ടോകോർപ്പ് (259,476 യൂണിറ്റുകൾ), ടിവിഎസ് മോട്ടോർ കമ്പനി (226,963 യൂണിറ്റുകൾ), ബജാജ് ഓട്ടോ (174,341 യൂണിറ്റ്), സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ (71,962 യൂണിറ്റുകൾ) എന്നിങ്ങനെയാണ് കണക്കുകൾ.
ടിവിഎസ് മോട്ടോർ കമ്പനിയുടെ മൊത്ത വ്യാപാരം 15% വർധിച്ച് 1.74 ദശലക്ഷം യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു. ഇത് 17 ശതമാനം വിപണി വിഹിതം നൽകുന്നു. അതേസമയം മുൻകാലയളവിനെക്കാൾ 17% വർധിച്ച് 1.21 ദശലക്ഷം യൂണിറ്റുകളുമായി ശക്തമായ പ്രകടനം കാഴ്ചവച്ച ബജാജ് ഓട്ടോയ്ക്ക് നിലവിൽ 12% ഇരുചക്രവാഹന വിപണി വിഹിതമുണ്ട്. സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ മൊത്ത വിൽപ്പന 16% വർധിച്ച് 516,530 യൂണിറ്റുകളായി. അതേസമയം റോയൽ എൻഫീൽഡിന് ഈ കാലയളിവിൽ 6,044 യൂണിറ്റുകൾ കുറഞ്ഞു. 410,843 മോട്ടോർസൈക്കിളുകളാണ് റോയൽ എൻഫീൽഡ് വിറ്റത്. 368,565 യൂണിറ്റുകളുള്ള ഇന്ത്യ യമഹ മോട്ടോർ അഞ്ച് ശതമാനം വളർച്ച നേടി. ഇലക്ട്രിക്ക് സ്‍കൂട്ടർ നിർമാതാക്കളായ ആതർ എനർജി 64,718 യൂണിറ്റുകളുമായി 30 ശതമാനം വളർച്ച രേഖപ്പെടുത്തി.