നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
രഹസ്യബന്ധത്തിലിരിക്കെ തർക്കം; യുവതിയെ ഭർതൃസഹോദരൻ കുത്തിക്കൊന്നു,പ്രതി റെയിൽപാളത്തിൽ പരിക്കേറ്റനിലയിൽ
ന്യൂഡല്‍ഹി: യുവതിയെ ഭര്‍തൃസഹോദരന്‍ കുത്തിക്കൊന്നു. ഡല്‍ഹി കാപസ്‌ഹേരയില്‍ താമസിക്കുന്ന അംബുജ് യാദവിന്റെ ഭാര്യ റിത യാദവ്(28) ആണ് കൊല്ലപ്പെട്ടത്. റിതയുടെ ഭര്‍തൃസഹോദരനായ ശിവം യാദവ്(32) ആണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിന്നീട് റെയില്‍പാളത്തില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണ്.
കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. രാത്രി 10.38-നാണ് കൊലപാതകം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കുത്തേറ്റ് മരിച്ചനിലയില്‍ യുവതിയെ കണ്ടെത്തി. പ്രതിയായ ശിവം യാദവ് ഇതിനോടകം വീട്ടില്‍നിന്ന് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഡല്‍ഹിക്ക് സമീപം റെയില്‍പാളത്തില്‍ ഇയാളെ ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. പ്രതി ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് നിഗമനം.
ഭര്‍തൃസഹോദരനായ ശിവം യാദവും കൊല്ലപ്പെട്ട റിത യാദവും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രഹസ്യബന്ധം തുടരുന്നതിനിടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങളുണ്ടായി. കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട റിത യാദവ് ഒരു സ്വകാര്യസ്ഥാപനത്തിലെ റിസപ്ഷനിസ്റ്റാണ്. റിതയുടെ ഭര്‍ത്താവ് അംബുജ് യാദവും പ്രതിയായ ശിവം യാദവും ഡല്‍ഹിയില്‍ ഒരു ഇ-കൊമേഴ്‌സ് സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്.