നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഇറാനിയൻ ഹാക്കര്‍മാർ വെബ്‌സൈറ്റുകൾ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ക്ക് ഹാക്കിങ് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇറാനിയന്‍ ഹാക്കര്‍മാര്‍ യു.എസ്. വെബ്‌സൈറ്റുകള്‍ ലക്ഷ്യമിടുന്നുവെന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച ബ്ലോഗില്‍ മൈക്രോസോഫ്റ്റ് പറയുന്നു. കോട്ടണ്‍ സാന്‍ഡ്‌സ്‌ട്രോം എന്നാണ് സംഘത്തിന് മൈക്രോസോഫ്റ്റ് നൽകിയ പേര്.
ഇറാന്റെ സായുധസേനയായ റെവല്യൂഷണറി ഗാര്‍ഡ് കോറുമായി ബന്ധമുള്ള സംഘമാണ് ഇതെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. യു.എസ്സിലെ പോരാട്ടഭൂമികള്‍ എന്നറിയപ്പെടുന്ന (സ്വിങ് സ്റ്റേറ്റുകള്‍) സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളാണ് ഹാക്കര്‍മാരുടെ ഉന്നം. തിരഞ്ഞെടുപ്പ് അടുത്തതോടെ ഹാക്കര്‍മാര്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
അതേസമയം ആരോപണം നിഷേധിച്ച് ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ പ്രതിനിധി രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. ഇറാന് അത്തരം ലക്ഷ്യങ്ങള്‍ ഇല്ലെന്നും തങ്ങള്‍ യു.എസ്. തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.