നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മുഖ്യമന്ത്രിയുടെ ഓഫിസ് മാഫിയാ കേന്ദ്രം: സതീശൻ
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഓഫിസ് കേരളത്തിലെ മാഫിയകളുടെ കേന്ദ്രമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അഭിമാനത്തോടെ എല്ലാവരും കണ്ടിരുന്ന കേരള പൊലീസ് ഇന്ന് അടിമക്കൂട്ടമായെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുക, തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം
എഡിജിപിക്കെതിരെ അര ഡസനിലേറെ കേസുകൾ വന്നിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അജിത് കുമാറിനെ ആർഎസ്എസ് ചുമതലയിൽനിന്നു ബറ്റാലിയൻ ചുമതലയിലേക്കു മാറ്റുക മാത്രമാണ് ചെയ്തത്. സ്വർണക്കടത്തുകാരുടെയും സ്വർണം പൊട്ടിക്കൽകാരുടെയും ലഹരിമരുന്ന് സംഘങ്ങളുടെയും രാഷ്ട്രീയ സംരക്ഷണ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയെന്നും സതീശൻ ആരോപിച്ചു.
കേരളം വലിയ അപകടത്തിലൂടെ കടന്നുപോകുകയാണെന്നും നാടിനെ രക്ഷിക്കാനാണ് ഈ സമരമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ശശി തരൂർ എംപി, എം.വിൻസന്റ് എംഎൽഎ, ബാബു ദിവാകരൻ, വി.എസ്.ശിവകുമാർ, എൻ.ശക്തൻ, ബീമാപള്ളി റഷീദ്, മരിയാപുരം ശ്രീകുമാർ, നെയ്യാറ്റിൻകര സനൽ എന്നിവർ പ്രസംഗിച്ചു.