നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മമതയ്‌ക്കെതിരെ അന്വേഷണം വേണം, ആവശ്യമെങ്കിൽ അറസ്റ്റുചെയ്യണം'; ഇ.ഡിക്ക് ബിജെപി എംപിയുടെ കത്ത്
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ ബലാത്സംഗക്കൊലയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബി.ജെ.പി. എം.പിയുടെ കത്ത്. ബംഗാളിലെ പുരുലിയയില്‍നിന്നുള്ള ലോക്‌സഭാ എം.പിയും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജ്യോതിര്‍മയ് സിങ് മഹതോയാണ് ഇ.ഡി. ഡയറക്ടര്‍ക്ക് കത്തുനല്‍കിയത്.
പ്രിന്‍സിപ്പലായിരിക്കെ സന്ദീപ് ഘോഷ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജ്യോതിര്‍മയ് സിങ് മഹതോ അഭിപ്രായപ്പെട്ടു. നിലവില്‍ സി.ബി.ഐയും ഇ.ഡിയും അന്വേഷിച്ചുവരുന്ന കേസാണിത്. ബംഗാളിലെ ആരോഗ്യമേഖലയില്‍ വ്യാപകമായ അഴിമതിയും അധികാരദുര്‍വിനിയോഗവും നടക്കുന്നതായി തെളിവുകള്‍ വ്യക്തമാക്കുന്നുവെന്ന് ബി.ജെ.പി. എം.പി. ട്വീറ്റ് ചെയ്തു.
ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ സെമിനാര്‍ ഹാളില്‍ അറ്റകുറ്റപ്പണി നടത്താന്‍ ഉത്തരവിട്ടിരുന്നു. സന്ദീപ് ഘോഷ് ഒപ്പുവെച്ച ഉത്തരവ് തെളിവുകള്‍ ഇല്ലാതാക്കാനാണോയെന്ന സംശയം ഉയര്‍ത്തുന്നുണ്ട്. ആരോഗ്യവകുപ്പിലെ ഉന്നതരുടെ അറിവില്ലാതെ ഇത് നടക്കില്ലെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മഹതോ കത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെന്ന നിലയില്‍ ആരോഗ്യവകുപ്പില്‍നിന്ന് പുറത്തുവരുന്ന ക്രമക്കേടുകളില്‍ മമതയും ഉത്തരവാദിയാണ്. സന്ദീപ് ഘോഷുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഒറ്റപ്പെട്ട സംഭവമല്ല. ആരോഗ്യമന്ത്രിയെന്ന നിലയില്‍ മമതയുടെ രാജി നിര്‍ണായകമാണ്. സന്ദീപ് ഘോഷ് ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്നതില്‍ മമതയുടെ പങ്ക് നിഷേധിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.