നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മനുഷ്യന്‍ ചക്രം കണ്ടുപിടിച്ചത് 6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതും യൂറോപ്പിലെന്ന് പഠനം
ചക്രത്തിന്‍റെ കണ്ടെത്തലാണ് മനുഷ്യ പുരോഗതിയുടെ ഒരു നാഴികകല്ലായി പറയുന്നത്. തീ കണ്ടെത്തിയതിന് ശേഷം മനുഷ്യരാശിയുടെ പുരോഗതിക്ക് ഗതിവേഗം നല്‍കിയ കണ്ടെത്തലായിരുന്നു ചക്രത്തിന്‍റെ കണ്ടെത്തല്‍. എന്നാല്‍, എവിടെ, എപ്പോൾ, ആരാണ് ചക്രം കണ്ടുപിടിച്ചതെന്ന കാര്യത്തില്‍ ഇന്നും തര്‍ക്കം നിലനില്‍ക്കുന്നു. ഇതിനിടെയാണ് യൂറോപ്പിലെ ചെമ്പ് ഖനിത്തൊഴിലാളികളാണ് 6,000 വര്‍ഷം മുമ്പ് ആദ്യമായി ചക്രം കണ്ടുപിടിച്ചതെന്ന് അവകാശവാദവുമായി ഒരു പഠനം പുറത്ത് വന്നത്. സ്ട്രക്ചറൽ മെക്കാനിക്സിൽ നിന്നുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഈ നിഗമനത്തിലെത്തിയതെന്നും പഠനം അവകാശപ്പെട്ടു.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തില്‍ കിഴക്കൻ യൂറോപ്പിലെ ചെമ്പ് ഖനിത്തൊഴിലാളികളാകാം ചക്രത്തിന്‍റെകണ്ടുപിടുത്തത്തിന് പിന്നിലെന്നാണ് അനുമാനം. ബിസി 5,000 മുതൽ 3,000 വരെ ചക്രങ്ങളുടെ പുരാവസ്തു തെളിവുകൾ ലോകമെമ്പാട് നിന്നും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 6,000 വർഷങ്ങൾക്ക് മുമ്പ് കാർപാത്തിയൻ പർവതങ്ങളിൽ ജോലി ചെയ്തിരുന്ന ചെമ്പ് ഖനിത്തൊഴിലാളികൾക്ക് ചക്രവുമായി ബന്ധപ്പെട്ട പ്രധാന കണ്ടുപിടുത്തങ്ങളിൽ ഒരു പ്രധാന പങ്ക് ഉണ്ടായിരുന്നിരിക്കാമെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. ചെമ്പ് ഖനികളുടെ ആകൃതിയും ഭൂപ്രകൃതിയും വർഷങ്ങളെടുത്ത് ചക്രം വികസിപ്പിച്ച രീതിയിൽ ഒരു നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടാകാമെന്നും പഠനം സൂചിപ്പിക്കുന്നു. ഇടുങ്ങിയ ചെറിയ ചെമ്പ് ഖനികളില്‍ നിന്നും ചെമ്പ് അയിര് പുറത്തെത്തിക്കാനായി രണ്ട് ചക്രങ്ങളും നടുവില്‍ ഫ്രീ റോളറുകള്‍ ഘടിപ്പിക്കപ്പെട്ട രൂപം കാലക്രമേണ ചെമ്പ് ഖനിത്തൊഴിലാളികള്‍ വികസിപ്പിച്ചെടുത്തിരിക്കാം. ഇതിന് തെളിവായി ഗവേഷകര്‍ നിരത്തുന്നത് കിഴക്കൻ യൂറോപ്പിലെ കാർപാത്തിയൻ പർവത പ്രദേശത്ത് നടത്തിയ ഖനനത്തില്‍ കണ്ടെത്തിയ നാല് ചക്രങ്ങളുള്ള വണ്ടികളുടെ 150 ലധികം കളിമൺ മോഡലുകളാണ്. അവയെല്ലാം തന്നെ നാല് ചക്രങ്ങള്‍ ഘടിപ്പിച്ച ഒരു ചെറിയ കളിവണ്ടി പോലെ തോന്നിക്കുന്നവയാണ്. കാർബൺ -14 ഉപയോഗിച്ച് നടത്തിയ വിശകലനത്തില്‍ ബിസി 3,600 ന് ശേഷം ഇത്തരം കളിവണ്ടികള്‍ ഉത്പാദിപ്പിച്ച ബൊലേറാസ് സംസ്കാരത്തിന്‍റെ രൂപീകരണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചക്ര ഗതാഗതത്തിന്‍റെ ലോകത്തിലെ അറിയപ്പെടുന്ന ആദ്യകാല പ്രതിനിധീകരണങ്ങളായി ഈ കളിവണ്ടികള്‍ മാറ്റുന്നുവെന്ന് പഠനം പറയുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഒന്നിലധികം കണ്ടുപിടുത്തങ്ങൾ നടത്തിയതിനാൽ ചക്രം പതുക്കെ അതിന്‍റെ ശരിയായ പാതയില്‍ വികസിക്കുകയാണെന്നും പഠനം അവകാശപ്പെടുന്നു. എന്നാല്‍, മനുഷ്യന്‍ ചക്രം കണ്ടിപിടിച്ച ഒരേഒരു രീതി ഇതാണെന്ന് പഠനം അവകാശപ്പെടുന്നില്ല. മറിച്ച്, അക്കാലത്ത് ജീവിച്ചിരുന്ന ഒന്നിലധികം മനുഷ്യ സംസ്കാരങ്ങള്‍, തങ്ങളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് സ്വന്തമായ രീതിയില്‍ ചക്രങ്ങള്‍ വികസിപ്പിച്ചിരിക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.