നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; മുതലപ്പൊഴി ഹാർബർ വികസനത്തിന് 177 കോടി
തിരുവനന്തപുരം∙ നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയില്‍ ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ നടപടി. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സാങ്കേതിക സമിതി മുതലപ്പൊഴി ഹാര്‍ബര്‍ വികസനത്തിന് 177 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. കേന്ദ്ര ഫിഷറീസ് മന്ത്രാലയമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
കേന്ദ്രത്തില്‍നിന്ന് അറിയിപ്പു ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പുലിമുട്ടിന്റെ നീളം കൂട്ടല്‍, റിമോര്‍ട്ട് കണ്‍ട്രോള്‍ ബോയകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്കുള്ള ടെന്‍ഡര്‍ വിളിക്കും. പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുക. 168 കോടി രൂപയുടെ പദ്ധതിയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹാര്‍ബറിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യവികസനവും കൂടി ഉള്‍പ്പെടുത്തിയതോടെയാണ് പദ്ധതിച്ചെലവ് 177 കോടി രൂപ ആയത്.
മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷനെയാണ് (സിഡബ്ല്യുപിആര്‍എസ്) ചുമതലപ്പെടുത്തിയിരുന്നത്. ഇവര്‍ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയത്. പുതിയ വാര്‍ഫ്, ലേല സംവിധാനം, വാട്ടര്‍ ടാങ്കുകള്‍, റോഡ് നിര്‍മാണം, പാര്‍ക്കിങ് ഏരിയ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.
വാമനപുരം നദി അറബിക്കടലുമായി ചേരുന്ന മുതലപ്പൊഴിയില്‍ തുടരെയുണ്ടാകുന്ന അപകടങ്ങളില്‍ നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടമായതോടെയാണ് വിഷയം വിശദമായി പഠിക്കാന്‍ തീരുമാനിച്ചത്. തെക്കന്‍ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സിഡബ്ല്യുപിആര്‍എസ് സമര്‍പ്പിച്ചിരുന്നത്.
മത്സ്യബന്ധന തുറമുഖത്തിന്റെ വികസനത്തിനായി പ്രധാന്‍മന്ത്രി മത്സ്യ സമ്പദ് യോജന (പിഎംഎംഎസ്‌വൈ) പ്രകാരം പദ്ധതി രേഖ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സിഡബ്ല്യുപിആര്‍എസ് പഠനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ പുതിയ ഡിപിആര്‍ നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. ഇതുവരെ 82 ജീവനുകളാണു അഴിമുഖത്തും തുറമുഖ കേന്ദ്രത്തിനു സമീപത്തുമായി നഷ്ടപ്പെട്ടത്.