നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയിലെ യൂടേണില്‍ വാഹനാപകടം പതിവ്
ഒഴിവാക്കാൻ പൊലീസിന്‍റെ വക 'ബാരിക്കേഡ്'
തൃശൂര്‍: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത നീലിപ്പാറയിലുള്ള യൂ ടേണില്‍ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. തുടര്‍ച്ചയായുള്ള അപകടങ്ങളെത്തുടര്‍ന്നാണ് നടപടി. പാലക്കാട് ദിശയിലേക്കുള്ള പാതയിലാണ് വേഗ നിയന്ത്രണം. നീലിപ്പാറയില്‍ വാഹനങ്ങള്‍ യൂ ടേണ്‍ എടുക്കുന്നതിനായി വേഗം കുറയ്ക്കുമ്പോള്‍ പിന്നില്‍ വാഹനമിടിച്ചാണ് അപകടമുണ്ടാകുന്നത്.
കല്ലിങ്കല്‍പ്പാടം റോഡില്‍നിന്ന് തൃശൂര്‍ ഭാഗത്തേക്കുപോകുന്നതിന് ദേശീയപാതയില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ നീലിപ്പാറയിലെത്തിയാണ് തിരിയുന്നത്. മുന്‍പ് വാണിയമ്പാറയിലുള്ള യൂ ടേണ്‍ വഴിയാണ് വാഹനങ്ങള്‍ തിരിഞ്ഞിരുന്നത്. ഇവിടെ മേല്‍പ്പാലം പണി നടക്കുന്നതിനെത്തുടര്‍ന്നാണ് നീലിപ്പാറയില്‍ യൂ ടേണ്‍ സൗകര്യം ഒരുക്കിയത്. എന്നാല്‍ നീലിപ്പാറയില്‍ പ്രത്യേക ട്രാക്ക് തിരിച്ചുനല്‍കിയില്ല. യൂ ടേണ്‍ ഉണ്ടെന്ന് അടുത്തെത്തുമ്പോഴേ അറിയൂ. ഇതാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്.
വേഗ നിയന്ത്രണത്തിനായി പൊലീസ് ബാരിക്കേഡുകള്‍ കൊണ്ടുവന്നെങ്കിലും തകരാറിനെത്തുടര്‍ന്ന് റോഡില്‍ വെക്കാന്‍ കഴിഞ്ഞില്ല. പ്രതിഷേധം ശക്തമായതോടെയാണ് ബാരിക്കേഡുകള്‍ നന്നാക്കി റോഡില്‍ സ്ഥാപിച്ചത്. കഴിഞ്ഞമാസം നീലിപ്പാറയില്‍ റോഡരികിലൂടെ നടന്നുപോയ രണ്ട് വിദ്യാര്‍ഥികള്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മരിച്ചിരുന്നു.