നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മകളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അജിത് കുമാറിനെ മുഖ്യമന്ത്രി തൊടാത്തത്- പി.വി അൻവർ
തിരുവനന്തപുരം: മകൾ വീണ വിജയനെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ തൊടാത്തതെന്ന് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. ഈ വിഷയങ്ങളിലൊക്കെ ഇടനിലക്കാരൻ അജിത് കുമാറാണ്. അജിത് കുമാറിനെ തൊട്ടുകഴിഞ്ഞാൽ എല്ലാ കൊട്ടാരങ്ങളും തകർന്നു വീഴും. എന്തുവിലകൊടുത്തും അജിത് കുമാറിന്റെ തൊലിപ്പുറത്ത് ഒരു പോറൽ പോലും ഏൽക്കാതെ നോക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശ്രമിക്കുമെന്നും അൻവർ പറഞ്ഞു.
എസ്.എഫ്.ഐ.ഒ അന്വേഷണം വെറും നാടകമാണ്. ചോദ്യം ചെയ്യാൻ മദ്രാസിലേക്ക് വിളിച്ചാൽ തീർന്നോ. ഞാൻ ഉന്നയിച്ച വിഷയമെന്താണ്. ബി.ജെ.പിയും ആർ.എസ്.എസ്സും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള സെറ്റിൽമെന്റിന്റെ ഭാഗമാണിതൊക്കെ. അതുകൊണ്ടാണ് എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കാത്തത്. പറഞ്ഞ് മണിക്കൂറ് കഴിഞ്ഞപ്പോൾ അന്വേഷണം തുടങ്ങിയത് നാടകമായതിനാലാണെന്നും എസ്.എഫ്.ഐ.ഒ എവിടെയായിരുന്നു ഇത്രയും കാലമെന്നും അൻവർ ചോദിച്ചു.
ഒരു ദിവസം തന്നെ ഒരുകോടിയിലധികം രൂപയുടെ കരിമണൽ കണക്കിൽപ്പെടാതെ അവിടെനിന്ന് ഖനനം ചെയ്ത് പോകുന്ന രീതിയാണ് അവലംബിക്കുന്നത്. അവിടെ വരുന്ന വാഹനങ്ങൾക്ക് ഒരു കണക്കുമില്ല. ഈ സാധനം തൂക്കിവിൽക്കേണ്ട സാധനമാണ്. എന്നാൽ തൂക്കാനുള്ള സംവിധാനമില്ല. എസ്‌കവേറ്ററുകൾ മണ്ണു മാന്തുന്നതുപോലെ കരിമണൽ മാന്തി ലോറിയിലേക്കിടുന്നു. ആ ലോറി എങ്ങോട്ടാണ് പോകുന്നതെന്ന് പോലും അറിയില്ല. - അൻവർ പറഞ്ഞു.
രണ്ടോ മൂന്നോ ഫാക്ടറികൾ പ്രവർത്തിക്കാനുള്ള മണൽ ആവശ്യമാണെന്നും അതില്ലെങ്കിൽ അവിടെയുള്ള തൊഴിലാളികൾ പട്ടിണിയാകുമെന്നാണ് സർക്കാർ പറയുന്നത്. ഈ ഫാക്ടറികളിൽ ഉപയോഗിക്കുന്ന മണലിന്റെ അളവുമായി ഇത് പരിശോധിച്ചാൽ കോടികളുടെ മണൽ ഒരുദിവസം അടിച്ചുമാറ്റുന്നുണ്ടെന്ന് മനസിലാവും. ഇതുമായി ബന്ധപ്പെട്ട സമരം ഡി.എം.കെ ഏറ്റെടുക്കുമെന്നും അൻവർ വ്യക്തമാക്കി.