നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഭാര്യ ഫോണിൽ മുഴുകി, ഭക്ഷണം വിളമ്പി നൽകിയില്ല, 28കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്
ശിവമൊഗ്ഗ: വീട്ടിലെത്തിയ ഭർത്താവിന് ഭക്ഷണം എടുത്ത് നൽകാതെ ഫോണിൽ നോക്കിയിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ്. ഷിമോഗ ജില്ലയിലെ ശികാരിപുര താലൂക്കിലെ അംബ്ലിഗോളയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. ടെക്സ്റ്റൈൽസ് ജീവനക്കാരിയായ 28കാരിയേയാണ് ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ഗൌരമ്മയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ശനിയാഴ്ച വൈകീട്ട് ഗൌരമ്മയുടെ ഭർത്താവ് മനു വീട്ടിലെത്തിയ സമയത്ത് ഇവർ ഫോണിൽ സംസാരിക്കുകയായിരുന്നു. ഭക്ഷണം വിളമ്പിത്തരാൻ യുവാവ് ആവശ്യപ്പെട്ടപ്പോൾ വിളമ്പി കഴിക്കാൻ ആവശ്യപ്പെട്ട ശേഷം യുവതി ഫോണിൽ സംസാരിക്കുന്നത് തുടരുകയായിരുന്നു. മുൻപൊരിക്കലും സമാന രീതിയിൽ ഭാര്യ പെരുമാറിയത് ഓർമ്മ വരുക കൂടി ചെയ്ത യുവാവ് ക്ഷുഭിതനായി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.തോർത്ത് ഉപയോഗിച്ചായിരുന്നു കൊലപാതകം.
യുവതി മരിച്ചെന്ന് വ്യക്തമായതോടെ യുവതിയുടെ പിതാവിനെ വിളിച്ച് നിങ്ങളുടെ മകൾ മരിച്ചെന്നും യുവാവ് വിശദമാക്കി. ഇതിന് പിന്നാലെ യുവതിയുടെ പിതാവിന്റെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശിക്കാരിപുര റൂറൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.