നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പ്രസവിച്ചില്ലെങ്കിലും മോഹൻലാൽ എന്റെ മകന്‍ തന്നെ’, മലയാളി മനസ്സിനെ കീഴ്പ്പെടുത്തിയ അമ്മ മകൻ ജോഡി ഒരിക്കലും മലയാളി മറക്കില്ല
മികച്ച അഭിനയ ചാതുര്യം കൊണ്ട് മലയാളി മനസ്സിനെ കീഴ്പ്പെടുത്തിയ അമ്മമുഖമാണ് കവിയൂര്‍ പൊന്നമ്മ. പഴയ തലമുറയിലെ സത്യൻ മുതൽ ഇളം തലമുറയിലെ നിരവധി താരങ്ങളുടെ അമ്മയായി വരെ വെള്ളിത്തിരയിൽ എത്തിയ കവിയൂർ പൊന്നമ്മ സമാനതകളില്ലാത്ത അഭിനയത്തികവിൽ മലയാള സിനിമാലോകത്തെ വാത്സല്യനിധിയായ അമ്മയുടെ പദവിയിലേക്ക് ഉയരുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്.
കൂടെ അഭിനയിച്ചവരില്‍ ആരെയാണ് ഏറെയിഷ്ടം എന്ന ചോദ്യത്തിന് എല്ലാവരെയും ഇഷ്ടമാണെന്നും എന്നാല്‍ മോഹന്‍ലാലിനോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ടെന്നും കവിയൂര്‍ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. സിനിമ കണ്ടിട്ട് പലരും മോഹന്‍ലാല്‍ എന്റെ മകനാണ് എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. ചില അമ്മമാരൊക്കെ വന്ന് മോനെ കൊണ്ടുവന്നില്ലേ…? മോന് സുഖമാണോ എന്നൊക്കെ ചോദിക്കും. അപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് എനിക്ക് മോനല്ലല്ലോ മോളാണല്ലോ…. എന്ന് അപ്പോഴേക്കും അവര്‍ മോഹന്‍ലാലിന്റെ പേര് പറയും.
ഇതുപോലെ തന്നെ മോഹന്‍ലാലിനോടും നിരവധി പേര്‍ അമ്മയെ കൊണ്ട് വന്നില്ലേ എന്ന് ചോദിക്കാറുണ്ട്. മോഹന്‍ലാല്‍ എനിക്ക് മോനെപ്പോലെ തന്നെയാണ്. ഞാന്‍ പ്രസവിച്ചില്ലെങ്കിലും എന്റെ മകന്‍ തന്നെയാണ് ലാല്‍. ഇപ്പോള്‍ കുറേ നാളായി ലാല്‍ വിളിച്ചിട്ട്. ഞാന്‍ ഇടയ്ക്ക് ലാലിന്റെ അമ്മയെ കാണാന്‍ പോകാറുണ്ട്. നടക്കാന്‍ വയ്യ പാവത്തിന്. കാണുമ്പോള്‍ തന്നെ ഭയങ്കര സ്‌നേഹമാണ്.’ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു.
നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂർ രേണുക ഉൾപെടെ ആറ് സഹോദരങ്ങളുണ്ട്. ബാല്യത്തിൽ തന്നെ പാട്ടുപാടി അരങ്ങിലെത്തി. തോപ്പിൽ ഭാസിയുടെ മൂലധനത്തിലൂടെ പതിനാലാം വയസ്സിൽ നാടകങ്ങളിൽ സജീവമായി.