നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രിതീഷ് നന്ദി അന്തരിച്ചു
മുംബൈ: പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പ്രിതീഷ് നന്ദി (73) മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. ജങ്കാർ ബീറ്റ്‌സ്, ചമേലി, ഹസാരോൺ ഖ്വായിഷെന്‍ ഐസി, ഏക് ഖിലാഡി ഏക് ഹസീന, അങ്കഹീ, പ്യാർ കെ സൈഡ് ഇഫക്‌ട്‌സ്, ബ്വൗ ബാരക്ക്‌സ് ഫോറെവർ തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു പ്രിതീഷ് നന്ദി.
1951 ജനുവരി 15 ന് ബീഹാറിലെ ഭഗൽപൂരിൽ ജനിച്ച പ്രിതീഷ് നന്ദി ഒരു പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1990-കളിൽ അദ്ദേഹം ദൂരദർശനിൽ ദ പ്രിതീഷ് നന്ദി ഷോ എന്ന ടോക്ക് ഷോ നടത്തിയിരുന്നു. 1998 മുതൽ 2004 വരെ ശിവസേനയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
1993-ൽ അദ്ദേഹം പ്രിതീഷ് നന്ദി കമ്മ്യൂണിക്കേഷൻസ് സ്ഥാപിച്ചു, മരണം വരെ അതിന്‍റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനും ക്രിയേറ്റീവ് മെന്‍ററുമായി തുടർന്നു. വർഷങ്ങളോളം ടിവി ഷോകൾ നിർമ്മിച്ചതിന് ശേഷം, 2001 ൽ കുച്ച് ഖട്ടി കുച്ച് മീഠാ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമ നിര്‍മ്മാണ രംഗത്തേക്ക് എത്തിയത്.
പ്രശസ്ത പത്രപ്രവർത്തകനായ അദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചുവെങ്കിലും ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ മാനേജിംഗ് എഡിറ്റർ എന്ന നിലയിലാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
അനുപം ഖേര്‍, കരീന കപൂര്‍, സഞ്ജയ് ദത്ത് അടക്കം ബോളിവുഡിലെ വന്‍ താരങ്ങള്‍ തന്നെ പ്രതീഷ് നന്ദിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. അഭിനയ രംഗത്ത് തുടക്കകാലത്ത് തന്നെ വഴികാട്ടിയ ആളായിരുന്നു നന്ദിയെന്നാണ് അനുപം ഖേര്‍ അനുസ്മരിച്ചത്. ചമേലി പോലെ പ്രേക്ഷക പ്രശംസ നേടിയ വേഷം നല്‍കിയ നിര്‍മ്മാതാവാണ് നന്ദിയെന്ന് കരീന കപൂര്‍ അനുസ്മരിച്ചു.